മുംബൈ:ഏഷ്യ കപ്പിനുള്ള (Asia Cup 2023) സെലക്‌ടര്‍മാരുടെ പദ്ധതികളില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണ്‍ (Sanju Samson) ഉണ്ടോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പരിക്ക് മാറി കെഎല്‍ രാഹുല്‍ (KL Rahul) തിരികെ എത്താനിരിക്കെ സ്‌ക്വാഡില്‍ ഇടം നേടുകയെന്നത് സഞ്‌ജുവിന് വെല്ലുവിളിയാണ്. ടൂര്‍ണമെന്‍റിന്‍റെ മുന്നൊരുക്കത്തിന്‍റെ ഭാഗമായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പ്രത്യേക പരിശീലന ക്യാമ്പ് നടക്കുന്നുണ്ട്.
ഇനി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാലും ഓഗസ്റ്റ് 24 -മുതല്‍ക്ക് ആരംഭിക്കുന്ന ക്യാമ്പിന്‍റെ അവസാന രണ്ട് ദിനത്തില്‍ മാത്രമാണ് സഞ്‌ജുവിന് പങ്കെടുക്കാന്‍ കഴിയുകയെന്നാണ് നിലവില്‍ പുറത്ത് വരുന്ന വിവരം. നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലുള്ള സഞ്‌ജു സാംസണ്‍ അതിന് ശേഷം നടക്കുന്ന അയര്‍ലന്‍ഡ് പര്യടനത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് താരത്തിന് ക്യാമ്പിന്‍റെ ആദ്യ ദിനങ്ങള്‍ നഷ്‌ടമാവുക.
ഏഷ്യ കപ്പ് സ്ക്വാഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടക്കുന്ന ക്യാമ്പിന്‍റെ അവസാന രണ്ട് ദിവസങ്ങളില്‍ മാത്രമേ സഞ്ജുവിന് പങ്കെടുക്കാന്‍ കഴിയൂവെന്ന് ഒരു സീനിയര്‍ ബിസിസിഐ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. "ഏഷ്യ കപ്പിന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ബെംഗളൂരുവില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ടൂര്‍ണമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ക്യാമ്പിന്‍റെ അവസാന രണ്ട് ദിനങ്ങളില്‍ മാത്രമേ സഞ്‌ജുവിന് പങ്കെടുക്കാനാകൂ.
അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയ്‌ക്ക് ശേഷം സഞ്‌ജുവിന് മതിയായ വിശ്രമം ഉറപ്പ് വരുത്തുന്നതിനായാണിത്. ഒരു ചെറിയ കാലയളവില്‍ സഞ്ജുവിന് ഏറെ മത്സരങ്ങള്‍ കളിക്കുകയും ധാരാളം യാത്രകള്‍ ചെയ്യേണ്ടിയും വന്നിട്ടുണ്ട്" ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അയര്‍ലന്‍ഡ് പര്യടനത്തിന് ശേഷം തിരിച്ചെത്തുന്ന പേസര്‍ ജസ്‌പ്രീത് ബുംറ ദിവസത്തെ ഇടവേളക്ക് ശേഷം ക്യാമ്പില്‍ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.