ന്യൂഡല്‍ഹി : തന്‍റെ പ്രതിഭയോട് നീതി പുലര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന് കഴിഞ്ഞിട്ടില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ബാറ്റിങ് ഓര്‍ഡറില്‍ താഴേക്കിറങ്ങി രാജസ്ഥാനും ഭാവിയില്‍ ഇന്ത്യയ്‌ക്കും വേണ്ടി മത്സരങ്ങള്‍ ഫിനിഷ് ചെയ്യാനാണ് സഞ്‌ജു ശ്രമിക്കേണ്ടതെന്നും കൈഫ് പറഞ്ഞു. ആദ്യ പന്തില്‍ തന്നെ സിക്‌സടിക്കാന്‍ കഴിവുള്ള സഞ്ജുവിന് ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ കഴിയുമെന്നും കൈഫ് വിലയിരുത്തി.
'തനിക്ക് ലഭിച്ച പ്രതിഭയോട് സാംസൺ നീതി പുലർത്തിയിട്ടില്ല. ഐപിഎല്ലിൽ നന്നായി കളിക്കുകയും മികച്ച തുടക്കങ്ങൾ നേടുകയും ചെയ്യുന്നു. എന്നാൽ സ്ഥിരതയോടെ കളിക്കാന്‍ സാധിക്കുന്നില്ല. ഭാവിയില്‍ ഇന്ത്യയ്‌ക്കായി മത്സരങ്ങള്‍ ജയിപ്പിക്കാന്‍ സഞ്‌ജുവിന് കഴിയും.
also read: പന്ത് ടി20 ലോകകപ്പ് കളിക്കുമെന്ന് ഉറപ്പില്ല; സഞ്‌ജു ഉള്‍പ്പെടെ മൂന്ന് പേരുകള്‍ നിര്‍ദേശിച്ച് നെഹ്‌റ
പക്ഷേ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്കിറങ്ങണമെന്നാണ് എനിക്ക് തോന്നുന്നത്. മത്സരങ്ങള്‍ ഫിനിഷ് ചെയ്‌ത് തുടങ്ങണമെന്നാണ് എനിക്ക് സഞ്‌ജുവിനോട് പറയാനുള്ളത്' - കൈഫ് പറഞ്ഞു.
കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാനായി 17 മത്സരങ്ങളില്‍ 146.79 പ്രഹരശേഷിയില്‍ 458 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. പ്രോട്ടീസിനെതിരായ ടി20 പരമ്പരയ്‌ക്കുള്ള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസരം ലഭിച്ചില്ല. എന്നാല്‍ അയര്‍ലന്‍ഡ് പരമ്പരയ്ക്കുള്ള ടീമിലേക്ക് സഞ്ജു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ 37കാരനായ ദിനേശ് കാര്‍ത്തിക്കാണ് ഇന്ത്യന്‍ ടീമില്‍ ഫിനിഷറുടെ റോള്‍ കൈകാര്യം ചെയ്യുന്നത്.