ഡൽഹി: അയർലൻഡിനെതിരായ ട്വന്‍റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഹാർദിക് പാണ്ഡ്യ നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസണിന്‍റെ തിരിച്ചുവരവും, സീനിയർ ടീമിലേക്ക് ആദ്യ വിളിയെത്തിയ രാഹുൽ ത്രിപാഠിയുടെ സാന്നിധ്യവും ശ്രദ്ധേയമാണ്.
കൈത്തണ്ടയിലെ പേശി പരിക്കിനെത്തുടർന്ന് ഐപിഎല്ലിന്‍റെ അവസാന ഭാഗവും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയും നഷ്‌ടമായ സൂര്യകുമാർ യാദവും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഋഷഭ് പന്തിന് പകരമാണ് സഞ്ജു സാംസണ്‍ ടീമിലെത്തുന്നത്. പന്ത് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിനുള്ള ടീമിൽ ഇടം നേടിയതോടെയാണ് സഞ്ജുവിന് വഴിതുറന്നത്.
പന്തിന്‍റെ അഭാവത്തിലാണ് ഹാര്‍ദിക് നായകനാകുന്നത്. ഭുവനേശ്വര്‍ കുമാര്‍ സഹനായകനാകും. സഞ്ജുവിന് പുറമേ ഇഷാന്‍ കിഷന്‍, ദിനേശ് കാര്‍ത്തിക്ക് എന്നീ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരും ടീമിലുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ടീമിലുള്ള പേസര്‍മാരായ ഉമ്രാന്‍ മാലിക്കും അര്‍ഷ്‌ദീപ് സിങ്ങം വെങ്കടേഷ് അയ്യരും ടീമില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.
ഐപിഎല്ലിൽ 458 റൺസോടെ മികച്ച പ്രകടനം നടത്തിയെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്‍റി 20 പരമ്പരയിൽ സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്നതിനെ മുൻ താരങ്ങൾ അടക്കം വിമർശിച്ചിരുന്നു. 2022 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് നായകനെന്ന നിലയിലും ക്യാപ്റ്റൻ എന്ന നിലയിലും സഞ്ജു മികച്ച പ്രകടനമാണ് കാഴ്‌ച വച്ചത്.
ഇന്ത്യൻ ടീം: ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഭുവനേശ്വർ കുമാർ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്‌ക്വാദ്, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, വെങ്കിടേഷ് അയ്യർ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), യുസ്‌വേന്ദ്ര ചാഹൽ, അക്ഷർ പട്ടേൽ, ആർ ബിഷ്‌ണോയ്, ഹർഷൽ പട്ടേൽ, അവേഷ് ഖാൻ, അർഷ്‌ദീപ് സിങ്, ഉമ്രാൻ മാലിക്.