കാത്തിരുന്ന് കാത്തിരുന്ന് ടീമിൽ സ്ഥാനം... മത്സരം തുടങ്ങുമ്പോൾ പ്ലേയിങ് ഇലവന് പുറത്ത്... പിന്നാലെ ട്വിറ്ററിൽ ട്രെൻഡിങ്ങും. ഇന്ത്യൻ ടീമിന്‍റെ മലയാളി താരം സഞ്ജു സാംസന്‍റെ കാര്യമാണ് ഈ പറഞ്ഞുവരുന്നത്. എപ്പോഴത്തേയും പോലെത്തന്നെ എല്ലാ പ്രതീക്ഷകളും നൽകി ടീമിലെടുത്തിട്ട് സഞ്ജു സാംസണെ ഒരിക്കൽ കൂടി പുറത്തിരുത്തിയിരിക്കുകയാണ്. ഇതിൽ ഞെട്ടലിന്‍റെ ആവശ്യമില്ല. കാരണം മറിച്ചൊന്നും തന്നെ ചിന്തിക്കേണ്ട കാര്യമില്ല.
2021ൽ ഏകദിനത്തിൽ അരങ്ങേറ്റം നടത്തിയ സഞ്ജു ഇതുവരെ കളിച്ചത് 11 ഏകദിനങ്ങളിൽ മാത്രമാണ്. ഓരോ വട്ടവും ടീമിലെടുക്കുമ്പോഴും സഞ്ജുവിന്‍റെ തകർപ്പൻ ഇന്നിങ്‌സ് കാണാനുള്ള കാത്തിരിപ്പിലാകും ആരാധകർ. എന്നാൽ താരത്തിന്‍റെ സ്ഥാനം ബെഞ്ചിൽ മാത്രമായി ഒതുങ്ങും. ഏകദിനത്തിൽ മാത്രമല്ല. ടി20യുടെ കാര്യത്തിലും ഇത് തന്നെയാണ് അവസ്ഥ.
ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള പരമ്പര എന്ന നിലയിൽ ഇന്ത്യൻ ടീമിലെ യുവ താരങ്ങൾക്ക് ഏറെ നിർണായകമാണ് വെസ്റ്റ് ഇൻഡീസിനെതിരായ മത്സരങ്ങൾ. പരമ്പരയ്‌ക്കായുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയതോടെ, ലോകകപ്പിലേക്കും താരത്തെ ബിസിസിഐ പരിഗണിക്കുന്നു എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി. എന്നാൽ മത്സരം തുടങ്ങിയതോടെ അവസ്ഥ പഴയത് തന്നെയായി.
ആദ്യ ഏകദിനത്തിൽ സഞ്ജു സാംസണ് പകരം വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനെയാണ് കളിപ്പിക്കുന്നത്. കണക്കുകൾ പരിശോധിക്കുമ്പോൾ മധ്യനിരയിൽ കിഷനെക്കാൾ മികച്ച ബാറ്റർ സഞ്ജു തന്നെയാണ്. കിഷന്‍റെ ഏകദിനത്തിലെ ഒരു ഡബിൾ സെഞ്ച്വറി ഒഴിച്ച് നിർത്തിയാൽ ബാറ്റിങ് ശരാശരി ഉൾപ്പെടെയുള്ള കണക്കുകളിൽ ഏറെ മുന്നിലാണ് സഞ്ജു. വിക്കറ്റ് കീപ്പിങ്ങിലും കിഷനെ കടത്തിവെട്ടാൻ പോന്ന കഴിവ് സഞ്ജുവിനുണ്ട്.