മുംബൈ:അയര്‍ലന്‍ഡിനെതിരെയ ടി-20 പരമ്പരയില്‍ മലയാളി താരം സഞ്‌ജു സാംസണ് അവസരം ലഭിച്ചേക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ താരവും, കമന്‍റേറ്ററുമായ ആകാശ് ചോപ്ര. അവസാന പതിനൊന്നില്‍ സഞ്‌ജുവിനെയും, രാഹുല്‍ ത്രിപാഠിയേയും മറികടന്ന് ദീപക് ഹൂഡ എത്താനാണ് സാധ്യത. നാലാം നമ്പറില്‍ കളിക്കാന്‍ ഹൂഡ അര്‍ഹനാണെന്നും ചോപ്ര വ്യക്തമാക്കി.
നാലാം നമ്പറില്‍ പന്ത് കളിക്കാനില്ലാത്ത അവസരത്തില്‍ ആരാകും നാലാം നമ്പറിലേക്ക് എത്തുക എന്നതാണ് വലിയ ചോദ്യം. സഞ്ജു സാംസണോ ദീപക് ഹൂഡയോ രാഹുൽ ത്രിപാഠിയോ ഇവരില്‍ ഒരാളായിരിക്കും ആ സ്ഥാനത്തേക്ക് എത്തുക. ഇഷാന്‍ കിഷൻ, റിതുരാജ് ഗെയ്‌ക്വാദ് എന്നിവര്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും.
മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് കളിച്ചേക്കും. അതുകൊണ്ട് തന്നെ ഹൂഡ നാലാം നമ്പര്‍ അര്‍ഹിക്കുന്ന താരമാണ്. അഞ്ചാം നമ്പറിലെങ്കിലും ഹൂഡ കളിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ചോപ്ര വ്യക്തമാക്കി.
നായകന്‍ ഹാര്‍ദിക്കിനും നാലാം നമ്പറില്‍ കളിക്കാം. ആകെ രണ്ട് മത്സരങ്ങളാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യ കളിക്കുന്നത്. ഈ മത്സരങ്ങളില്‍ എത്ര മറ്റം കൊണ്ട് വരാന്‍ സാധിക്കുമെന്നും ചോപ്ര ചോദിച്ചു.
ഐപിഎല്ലിലെ മിന്നും പ്രകടനത്തിന് പിന്നാലെയാണ് സഞ്‌ജു സാസംണെയും, രാഹുല്‍ ത്രിപാഠിയേയും അയര്‍ലന്‍ഡിനെതിരായ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് ഉള്‍പ്പെടുത്തിയത്. ആദ്യമായാണ് ത്രിപാഠിക്ക് ദേശീയ ടീമില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത് കൊണ്ട് മുതിര്‍ന്ന താരങ്ങളില്ലാതെയാണ് ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനം. ഈ അവസരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച ഹാര്‍ദിക് ഇതാദ്യമായാണ് ദേശീയ ടീമിന്‍റെ നായകനാകുന്നത്.
Also read: സ്ഥിരതയോടെ റണ്‍സ് കണ്ടെത്താന്‍ കഷ്‌ടപ്പെടുന്ന പന്ത് ടീമില്‍ ഉള്‍പ്പെടേണ്ട താരമല്ല; വസീം ജാഫര്‍