ഹരാരെ :വിക്കറ്റ് കീപ്പിങ്ങും ബാറ്റിങ്ങും താന്‍ കൂടുതല്‍ ആസ്വദിക്കുന്നതായി ഇന്ത്യയുടെ മലയാളി താരം സഞ്‌ജു സാംസണ്‍. സിംബാബ്‌വെയ്‌ക്കതിരായ രണ്ടാം ഏകദിനത്തില്‍ വിജയശില്‍പ്പിയായതിന് പിന്നാലെയാണ് സഞ്‌ജു സാംസണിന്‍റെ പ്രതികരണം. മത്സരത്തില്‍ വിക്കറ്റിന് പിന്നില്‍ മൂന്ന് ക്യാച്ചുകളും, വിക്കറ്റിന് മുന്നില്‍ പുറത്താകാതെ 43 റണ്‍സും നേടി സഞ്‌ജു സാംസണ്‍ കളിയിലെ താരമായിരുന്നു.
മത്സരത്തില്‍ ചെലവഴിക്കുന്ന ഓരോ നിമിഷവും നിങ്ങള്‍ക്ക് മികച്ചതായാണ് അനുഭവപ്പെടുക.രാജ്യത്തിനായി ലഭിച്ച അവസരം പ്രയോജനപ്പെടുത്തുന്നത് ഒരു പ്രത്യേക അനുഭവമാണ്. മത്സരത്തില്‍ മൂന്ന് ക്യാച്ചുകള്‍ പിടിച്ചെങ്കിലും എനിക്ക് ഒരു സ്‌റ്റമ്പിങ് അവസരം നഷ്‌ടമായി.
നിലവില്‍ കീപ്പിങ്ങും ബാറ്റിങ്ങും വളരെ ആസ്വദിക്കുന്നുണ്ട്. മത്സരത്തില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞത് എന്നും സഞ്‌ജു സാംസണ്‍ അഭിപ്രായപ്പെട്ടു. സിംബാബ്‌വെയ്‌ക്കതിരായ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 43 റണ്‍സ് നേടിയ സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
2022-ല്‍ ഇന്ത്യയ്‌ക്കായി നാല് ഏകദിനം കളിക്കാന്‍ അവസരം ലഭിച്ച സഞ്‌ജു സാംസണ്‍ 57.50 ശരാശരിയില്‍ 115 റണ്‍സാണ് ഇതുവരെ നേടിയത്. സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലേതുള്‍പ്പടെ രണ്ട് മത്സരങ്ങളില്‍ നോട്ട് ഔട്ടും ആയിരുന്നു സഞ്‌ജു. 100 പ്രഹരശേഷിയില്‍ ഈ വര്‍ഷം കളിക്കുന്ന മലയാളി താരത്തിന്‍റെ ഉയര്‍ന്ന സ്‌കോര്‍ 54 ആണ്. അന്താരാഷ്‌ട്ര ടി20യിലും മികച്ച പ്രകടനമാണ് സഞ്‌ജു ഈ വര്‍ഷം പുറത്തെടുത്തത്.
ജയവും പരമ്പരയും സ്വന്തമാക്കി ഇന്ത്യ :രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്‌ടപ്പട്ട് ആദ്യം ബാറ്റ് ചെയ്‌ത സിംബാബ്‌വെ 161 റണ്‍സില്‍ പുറത്താവുകയായിരുന്നു. കൃത്യതയോടെ പന്തെറിഞ്ഞാണ് ഇന്ത്യന്‍ ബോളര്‍മാര്‍ സിംബാബ്‌വെയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ഇന്ത്യയ്‌ക്കായി ശാര്‍ദുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
ഏഴോവറില്‍ 28 റണ്‍സാണ് താരം വഴങ്ങിയത്. 42 പന്തില്‍ 42 റണ്‍സെടുത്ത സീൻ വില്യംസാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. റയാൻ ബേള്‍ 47 പന്തില്‍ 39 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഇന്നസെന്‍റ് കൈയ (27 പന്തില്‍ 16), സിക്കന്ദർ റാസ (31 പന്തില്‍ 16) എന്നിവര്‍ മാത്രമാണ് രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍.
മറുപടി ബാറ്റിങ്ങില്‍ ഓപ്പണറായി ഇറങ്ങിയ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ കെ എല്‍ രാഹുലിനെ തുടക്കത്തിലേ ഇന്ത്യയ്‌ക്ക് നഷ്‌ടപ്പെട്ടിരുന്നു. അഞ്ച് പന്തില്‍ ഒരു റണ്‍സ് മാത്രം നേടിയ രാഹുലിനെ വിക്‌ടർ ന്യൗച്ചിയാണ് പുറത്താക്കിയത്. രണ്ടാം വിക്കറ്റില്‍ ധവാന്‍ - ഗില്‍ സഖ്യം 42 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യന്‍ ബാറ്റിങ് താളത്തിലായി.
21 പന്തില്‍ 33 റണ്‍സാണ് ശിഖര്‍ ധവാന്‍ നേടിയത്. പിന്നാലെയെത്തിയ ഇഷാന്‍ കിഷന് (6) കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. 33 റണ്‍സ് നേടി ഗില്‍ പുറത്തായ ശേഷം ഒത്തുചേര്‍ന്ന ഹൂഡ - സഞ്‌ജു സഖ്യം ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി. ജയത്തിന് ഒന്‍പത് റണ്‍സ് അകലെ ദീപക് ഹൂഡ (25) മടങ്ങിയെങ്കിലും അക്‌സറിനൊപ്പം നിന്ന സഞ്‌ജു സിക്‌സര്‍ പറത്തി ഇന്ത്യയെ വിജയത്തിലെത്തിച്ചു. മത്സരത്തില്‍ ഇന്ത്യ നേടിയ നാല് സിക്‌സറുകളും സഞ്ജുവിന്‍റെ ബാറ്റില്‍ നിന്നാണ് വന്നത്.
പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ 10 വിക്കറ്റിന് വിജയിച്ചിരുന്നു. ശിഖര്‍ ധവാന്‍ ശുഭ്‌മാന്‍ ഗില്‍ ഓപ്പണിങ് കൂട്ടുകെട്ടാണ് ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് അനായാസ ജയം സമ്മാനിച്ചത്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഓഗസ്‌റ്റ് 22 ന് നടക്കും.