ന്യൂഡൽഹി :ഏകദിന ലോകകപ്പിനുള്ള (ODI World Cup 2023) 15 അംഗ ഇന്ത്യന്‍ സ്‌ക്വാഡിനെ തെരഞ്ഞെടുത്ത് മുന്‍ താരം സഞ്ജയ് ബംഗാർ. ഏഷ്യ കപ്പ് സ്‌ക്വാഡില്‍ ഇടം നേടാന്‍ കഴിയാത്ത പേസര്‍ അർഷ്‌ദീപ് സിങ്ങിനെ (Arshdeep Singh) ടീമിൽ ഉൾപ്പെടുത്തിയതാണ് സഞ്ജയ് ബംഗാറിന്‍റെ ടീമിലെ സർപ്രൈസ് (Sanjay Bangar's India Squad For WorldCup). പേസ് ഓള്‍ റൗണ്ടര്‍ ശാര്‍ദുല്‍ താക്കൂറിനെ (Shardul Thakur) മറികടന്നാണ് അര്‍ഷ്‌ദീപ് ടീമിലെത്തിയത്.
ഇതേവരെ മൂന്ന് ഏകദിനങ്ങള്‍ മാത്രം കളിച്ച അര്‍ഷ്‌ദീപിന് വിക്കറ്റൊന്നും തന്നെ ലഭിച്ചിട്ടില്ല. ഏഷ്യ കപ്പിനുള്ള 17 അംഗ ടീമില്‍ ഇടം നേടിയ തിലക് വര്‍മ, പ്രസിദ്ധ് കൃഷ്‌ണ എന്നിവര്‍ക്കും സഞ്ജയ് ബംഗാറിന്‍റെ ടീമില്‍ ഇടം ലഭിച്ചില്ല. ഫോര്‍മാറ്റില്‍ ഇതേവരെ തിളങ്ങാന്‍ കഴിയാത്ത സൂര്യകുമാര്‍ യാദവിനെ ബംഗാര്‍ തന്‍റെ ടീമില്‍ നിലനിര്‍ത്തി.
കോമ്പിനേഷന്‍റെ അടിസ്ഥാനത്തിലാണ് ടീം തെരഞ്ഞെടുത്തതെന്ന് 2019-ലെ ലോകകപ്പില്‍ സെമി ഫൈനലിൽ എത്തിയ ഇന്ത്യൻ ടീമിന്‍റെ പരിശീലകന്‍ കൂടിയായ സഞ്ജയ് ബംഗാര്‍ പറഞ്ഞു. "ലോകകപ്പിനായി, ഞാൻ എന്‍റെ ടീമിനെ തിരഞ്ഞെടുത്തത് കോമ്പിനേഷനുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ്. അഞ്ച് സ്പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍, രണ്ട് വിക്കറ്റ് കീപ്പർ-ബാറ്റര്‍മാര്‍, രണ്ട് സ്പിൻ-ബോളിങ് ഓൾറൗണ്ടർമാർ, ഒരു പേസ്-ബൗളിങ് ഓൾറൗണ്ടർ, ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍, നാല് പേസര്‍മാര്‍ എന്നിവരാണ് എന്‍റെ ടീമിലുള്ളത്" -സഞ്ജയ് ബംഗാർ പറഞ്ഞു.
"ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ് എന്നിവരാണ് എന്‍റെ ടീമിലെ അഞ്ച് സ്പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍. ഇഷാൻ കിഷനും കെഎൽ രാഹുലുമാണ് രണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍"- സഞ്ജയ് ബംഗാർ വ്യക്തമാക്കി.