മുംബൈ: 2024ലെ ടി20 ലോകകപ്പ് ഇന്ത്യയിലേക്ക് എത്തിക്കാനുള്ള പദ്ധതികള്‍ ബിസിസിഐ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിലും (West Indies) യുഎസ്എയിലുമായി (USA) നടക്കുന്ന ടി20 ലോകകപ്പില്‍ ഹര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴില്‍ ആയിരിക്കും ഇന്ത്യ ഇറങ്ങുക എന്നാണ് നിലവിലെ സഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. പാണ്ഡ്യയ്‌ക്ക് കീഴില്‍ യുവതാരനിര അണിനിരക്കുന്ന ടീമായിരിക്കും ലോകപോരാട്ടത്തില്‍ ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങുക.
എന്നാല്‍, അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന ലോകകപ്പില്‍ ടീം ഇന്ത്യയുടെ മുന്‍ നായകനും സീനിയര്‍ ബാറ്ററുമായ വിരാട് കോലി (Virat Kohli) സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്ന അഭിപ്രായമാണ് മുന്‍ ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാറിനുള്ളത് (Sanjay Bangar). കോലിയുടെ അനുഭവസമ്പത്തും സമ്മര്‍ദ ഘട്ടങ്ങളില്‍ ബാറ്റ് ചെയ്യാനുള്ള താരത്തിന്‍റെ കഴിവും ഇത്തരം വലിയൊരു ടൂര്‍ണമെന്‍റില്‍ ടീമിനെ ഏറെ സഹായിക്കുമെന്നാണ് ബാംഗാറിന്‍റെ വാദം. കോലിയെ മാറ്റി നിര്‍ത്താനായി ഒരു കാരണവും താന്‍ കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'എന്‍റെ അഭിപ്രായത്തില്‍ വിരാട് കോലി ഇന്ത്യയുടെ ടി20 സ്ക്വാഡിലും ഉണ്ടായിരിക്കണം. കഴിഞ്ഞ ടി20 ലോകകപ്പിലും അതിന് മുന്‍പ് നടന്ന മത്സരങ്ങളിലെല്ലാം തന്നെ മികച്ച പ്രകടനം നടത്താന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. അടുത്തവര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും അയാളെ മാറ്റി നിര്‍ത്തേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
വലിയ വേദികളില്‍ വികാരങ്ങളും ഉയര്‍ന്നതായിരിക്കാമെന്ന് എന്നെപ്പോലെ തന്നെ നിങ്ങള്‍ക്കുമറിയവുന്ന കാര്യമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ചെറിയ ഒരു തെറ്റിന് പോലും വലിയ വിലയാണ് നല്‍കേണ്ടി വരിക. അത്തരം സാഹചര്യങ്ങളില്‍, അവയെ നേരിട്ടിട്ടുള്ള വലിയ കളിക്കാരെയാണ് നമുക്ക് ആവശ്യം.