മുംബൈ :ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റിന്‍റെ തുടക്കം മുതല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ഭാഗമാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. ബാംഗ്ലൂരിനൊപ്പം നിരവധി ഉയര്‍ച്ച താഴ്‌ചകളിലൂടെയാണ് ഐപിഎല്ലിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനെന്ന റെക്കോഡ് കോലി സ്വന്തമാക്കിയത്. 2022ൽ ഫാഫ് ഡു പ്ലെസിസ് ചുമതലയേല്‍ക്കും മുമ്പ് 2013 മുതൽ 2021വരെ 34 കാരനായ കോലി ബാംഗ്ലൂരിനെ നയിക്കുകയും ചെയ്‌തിരുന്നു.
ഐപിഎല്ലില്‍ ബാംഗ്ലൂരിനൊപ്പം 15 വര്‍ഷങ്ങള്‍ നീണ്ട യാത്രയാണ് കോലിക്കുള്ളത്. ടീമിനൊപ്പം ഐപിഎല്‍ കിരീടം ഉയര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ആരാധകര്‍ക്ക് എന്നും ഓര്‍ത്തുവയ്‌ക്കാനാവുന്ന നിരവധി വിജയങ്ങളിലേക്ക് വിരാട് കോലി ആര്‍സിബിയെ നയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഫ്രാഞ്ചൈസിക്കൊപ്പമുള്ള കോലിയുടെ മികച്ച ഇന്നിങ്‌സിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓള്‍ റൗണ്ടര്‍ സഞ്ജയ് ബംഗാർ.
2016ല്‍ പഞ്ചാബ് കിങ്‌സും (അന്നത്തെ കിങ്‌സ് ഇലവൻ പഞ്ചാബ്) ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിലെ കോലിയുടെ ഇന്നിങ്സാണ് തന്‍റെ ഫേവറേറ്റെന്നാണ് സഞ്ജയ് ബംഗാർ പറയുന്നത്. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മഴ കൂടി കളിക്കാനിറങ്ങിയ മത്സരത്തില്‍ വിരലുകളില്‍ തുന്നിക്കെട്ടലുമായി കളിച്ച വിരാട് കോലി സെഞ്ചുറി അടിച്ചായിരുന്നു തിരിച്ച് കയറിയത്.
15 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബി മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 211 എന്ന കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയിരുന്നു. സെഞ്ചുറി നേടിയ കോലിക്കൊപ്പം വിന്‍ഡീസ് മുന്‍ താരം ക്രിസ് ഗെയ്‌ലും ചേര്‍ന്നാണ് ടീമിനെ മികച്ച ടോട്ടലില്‍ എത്തിച്ചത്. 50 പന്തില്‍ 12 ഫോറുകളും എട്ട് സിക്‌സുകളും സഹിതം 113 റണ്‍സായിരുന്നു കോലി അന്ന് അടിച്ചുകൂട്ടിയത്.