ജയ്‌പൂർ:മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാൻ റോയൽസ് വിട്ട് പോകും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് താരത്തെ നിലനിർത്തുന്നതായി ടീം അറിയിച്ചത്. അതും 14 കോടി രൂപയ്‌ക്ക്. ടീം നിലനിർത്തിയ താരങ്ങളിൽ ഏറ്റവും കൂടുതൽ തുക ലഭിച്ചതും സഞ്ജുവിന് തന്നെയായിരുന്നു. സൂപ്പർ താരം ജോസ് ബട്‌ലർക്ക് പോലും സഞ്‌ജുവിന് താഴെയായിരുന്നു സ്ഥാനം.
എന്നാൽ രാജസ്ഥാന് സഞ്ജുവിനെ നിലനിർത്തുന്ന കാര്യത്തിൽ കൂടുതൽ ആലോചനയുടെ ആവശ്യം ഉണ്ടായിരുന്നില്ലെന്ന് വ്യക്‌തമാക്കി ടീമിന്‍റെ ഡയറക്‌ടർ ഓഫ് ക്രിക്കറ്റ് ആയ മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാര. സഞ്ജുവിനെ ടീമിന്‍റെ ദീർഘകാല നായകനായാണ് പരിഗണിച്ചിരിക്കുന്നതെന്നും അതിനാൽ താരത്തെ നിലനിർത്താൻ കൂടുതൽ തല പുകക്കേണ്ടി വന്നില്ലെന്നും സംഗക്കാര പറഞ്ഞു.
അസാമാന്യ കഴിവുള്ള താരമാണ് സഞ്ജു. ഓരോ സീസണ്‍ കഴിയുമ്പോഴും താൻ ടീമിന് എത്രത്തോളം വിലപ്പെട്ടതാണെന്ന് സഞ്ജു തെളിയിച്ചുകൊണ്ടിരിക്കുന്നു. അതിനാൽ സഞ്‌ജുവിന് ടീമിൽ വളരെ വലിയ സ്ഥാനമാണ് നൽകിയിരിക്കുന്നത്, സംഗക്കാര വ്യക്‌തമാക്കി.