കോളംബോ :ശ്രീലങ്കക്കെതിരായ മൂന്നാം ടി20യിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച് മലയാളി ഫാസ്റ്റ് ബൗളർ സന്ദീപ് വാര്യർ. പരിക്കേറ്റ നവദീപ് സെയ്നിക്ക് പകരമാണ്, നെറ്റ് ബൗളറായി ടീമിനൊപ്പമെത്തിയ സന്ദീപിന് നറുക്ക് വീണത്.
ഇന്ത്യക്കായി മൂന്ന് മലയാളി താരങ്ങൾ അരങ്ങേറുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. സഞ്ജു സാംസണും, ദേവ്ദത്ത് പടിക്കലുമാണ് ഈ മത്സരത്തിൽ സന്ദീപിനൊപ്പം കളിക്കുന്നത്.
ആഭ്യന്തര ക്രിക്കറ്റിൽ ഇവർ മൂവരും മൂന്ന് ടീമുകൾക്കായാണ് ഇറങ്ങുന്നത്. കൂട്ടത്തിൽ സഞ്ജു സാംസൺ മാത്രമാണ് കേരളത്തിനായി കളിക്കുന്നത്. ദേവ്ദത്ത് പടിക്കൽ കർണാടകയ്ക്കായും സന്ദീപ് വാരിയർ തമിഴ്നാടിനായുമാണ് കളിക്കുന്നത്
ശ്രീശാന്തിനും സഞ്ജുവിനും ശേഷം ടി20യിൽ അരങ്ങേറുന്ന മലയാളി താരമാണ് സന്ദീപ്. ടിനു യോഹന്നാനും, ശ്രീശാന്തിനും ശേഷം ഇന്ത്യൻ ടീമിൽ അരങ്ങേറുന്ന മലയാളി ബൗളറുമാണ്. 30-ാം വയസിൽ ഇന്ത്യൻ ടീമിനായി അരങ്ങേറുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിലൂടെ സന്ദീപ് സ്വന്തമാക്കി.
കേരളത്തിന് വേണ്ടി രഞ്ജി ട്രേഫിയിൽ മികച്ച പ്രകടനമാണ് തൃശൂർ സ്വദേശിയായ സന്ദീപ് കാഴ്വച്ചിട്ടുള്ളത്. കേരളത്തിനായി 57 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 186 വിക്കറ്റുകളാണ് സന്ദീപ് എറിഞ്ഞിട്ടത്.