കൊച്ചി: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ സാം കറണ്‍. 18.50 കോടി രൂപയ്‌ക്ക് പഞ്ചാബ് കിങ്സാണ് കറണെ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ക്രിസ് മോറിസിന്‍റെ പേരിലായിരുന്നു ഇതുവരെയുള്ള റെക്കോഡ്.
2021ല്‍ ക്രിസ് മോറിസിനെ 16.25 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സായിരുന്നു വാങ്ങിയത്. അടുത്തിടെ അവസാനിച്ച ടി20 ലോകകപ്പിലെ പ്ലെയർ ഓഫ് ദ ടൂർണമെന്‍റായതാണ് സാം കറണ് നേട്ടമായത്. 24കാരനായ കറണായി ലഖ്‌നൗ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും അവസാന നിമിഷം വരെ രംഗത്തുണ്ടായിരുന്നു.
പരിക്കിന തുടര്‍ന്ന് കഴിഞ്ഞ സീസണിലെ മെഗാ ലേലത്തിൽ കറണ്‍ രജിസ്റ്റർ ചെയ്തിരുന്നില്ല. 2021 സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ താരമായിരുന്നു. 2019ല്‍ പഞ്ചാബ് കിങ്‌സിനായാണ് താരം ഐപിഎല്‍ അരങ്ങേറ്റം നടത്തിയത്. അന്ന് 7.2 കോടി രൂപയാണ് താരം നേടിയത്.
അതേസമയം ഓസീസ് ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനായി മുംബൈ ഇന്ത്യന്‍ സ് 17.5 കോടി മുടക്കിയിട്ടുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ കടുത്ത വെല്ലുവിളി മറികടന്നാണ് 23കാരനെ മുംബൈ കൂടാരത്തിലെത്തിച്ചത്. ഇംഗ്ലണ്ട് താരം ബെന്‍സ്റ്റോക്‌സിനെ 16.25 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കി.
വിന്‍ഡീസ് ക്യാപ്റ്റന്‍ നിക്കോളസ് പുരാനെ 16 കോടി രൂപയ്‌ക്ക് ലഖ്‌നൗ സൂപ്പര്‍ കിങ്‌സും സ്വന്തമാക്കി. ഇംഗ്ലണ്ടിന്‍റെ റീസ് ടോപ്ലിയെ 1.9 കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. ഇന്ത്യന്‍ താരം ജയദേവ് ഉനദ്ഘട്ടിനെ ലഖ്‌നൗ 50 ലക്ഷം രൂപയ്‌ക്ക് കൂടാരത്തിലെത്തിച്ചു. ഇഷാന്ത് ശർമ്മയ്‌ക്കായി ഡല്‍ഹി ക്യാപിറ്റല്‍സ് 50 ലക്ഷം മുടക്കി.