കറാച്ചി: കഴിഞ്ഞ ഏഷ്യ കപ്പ് വരെ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ ഫോം ചര്‍ച്ച വിഷയമായിരുന്നു. എന്നാല്‍ അഫ്‌ഗാനെതിരായ മത്സരത്തിലൂടെ അപരാജിത സെഞ്ച്വറിയുമായി തിരിച്ച് വന്ന കോലി ഇന്ത്യയുടെ റണ്‍ മെഷീനെന്ന വിശേഷണം അന്വര്‍ഥമാക്കുകയാണ്. കഴിഞ്ഞ ടി20 ലോകകകപ്പില്‍ ടോപ് സ്‌കോററായ 34കാരന്‍ അടുത്തിടെ മൂന്ന് ഏകദിന സെഞ്ച്വറികളുമായും തിളങ്ങി.
ഇക്കാലയളവില്‍ നിരവധി ഇതിഹാസ താരങ്ങളുടെ റെക്കോഡുകള്‍ തകര്‍ത്തായിരുന്നു കോലിയുടെ മുന്നേറ്റം. 34കാരന്‍ ഇപ്പോഴും തന്‍റെ കരിയറിന്‍റെ ഉന്നതിയില്‍ എത്തിയിട്ടില്ല എന്നാണ് പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ സൽമാൻ ബട്ട് ഉറച്ചു വിശ്വസിക്കുന്നത്. വിരാട് കോലിയുടെ മികച്ച പ്രകടനം ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്ന് സല്‍മാന്‍ ബട്ട് പറഞ്ഞു.
"കോലിയുടെ മികച്ച പ്രകടനം ഇനിയും വരാനിരിക്കുന്നതേയുള്ളൂ. റണ്‍ വരള്‍ച്ച അവസാനിപ്പിച്ചുവെങ്കിലും തന്‍റെ പൂർണ്ണമായ ഫോമിലേക്ക് തിരിച്ചെത്തിയിട്ടില്ല. തടുക്കാന്‍ കഴിയാത്ത സുവര്‍ണ വര്‍ഷങ്ങളായിരുന്നു കോലിക്കുണ്ടായത്.
നിങ്ങള്‍ കുമാർ സംഗക്കാരയുടെ കരിയർ നോക്കു... അതിന്‍റെ അവസാനത്തിൽ അദ്ദേഹം കളിച്ച രീതി അതിശയിപ്പിക്കുന്നതാണ്. ചെറുപ്പത്തിൽ ഇതേ രീതിയിലായിരുന്നില്ല അദ്ദേഹം കളിച്ചിരുന്നത്. നിരവധി കളിക്കാരുടെ അവസ്ഥ ഇതാണ്", സല്‍മാന്‍ ബട്ട് പറഞ്ഞു.
തീരുമാനമെടുക്കേണ്ടത് കോലി:തന്‍റെ മികച്ച പ്രകടനം പുറത്തെടുക്കാൻ ചില കാര്യങ്ങളില്‍ കോലി തീരുമാനം എടുക്കണമെന്നും ബട്ട് നിര്‍ദേശിച്ചു. "മോഡേണ്‍ ക്രിക്കറ്റില്‍ മത്സരങ്ങളുടെ അളവ് വളരെ കൂടുതലാണ്.
ഇത് ഒരോ കളിക്കാരനെയും ബാധിക്കാന്‍ ഇടയുണ്ട്. സ്‌മാർട്ടായ താരങ്ങള്‍ അവരുടെ ഫോർമാറ്റ് തെരഞ്ഞെടുക്കുകയും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. കാര്യങ്ങള്‍ അങ്ങനെ സംഭവിച്ചാൽ, അവർക്ക് അതേ ക്ലാസിൽ തുടരാം.
ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അദ്ദേഹം തന്നെയാണ്. കോലിയുടെ ഭാവി തീരുമാനിക്കുന്നത് കോലിയാണ്. പക്ഷേ അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ചത് വീണ്ടും വരുമെന്ന് എനിക്ക് തോന്നുന്നു" സല്‍മാന്‍ ബട്ട് കൂട്ടിച്ചേര്‍ത്തു.
കോലിയുടെ ബാറ്റില്‍ ഇന്ത്യയ്‌ക്ക് പ്രതീക്ഷ:നിലവില്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് കോലി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് കടക്കാന്‍ ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമായ പരമ്പരയാണിത്. കോലിയുടെ ബാറ്റില്‍ വലിയ പ്രതീക്ഷയാണ് ഇന്ത്യയ്‌ക്കുള്ളത്.
ഓസീസിനെതിരെ ടെസ്റ്റില്‍ താരത്തിന്‍റെ മുന്‍കാല പ്രകടനം ടീമിന് വമ്പന്‍ പ്രതീക്ഷയാണ് നല്‍കുന്നത്. ഓസ്‌ട്രേലിയക്കെതിരായ 20 മത്സരങ്ങളിൽ 48.05 ശരാശരിയിൽ 1682 റൺസാണ് കോലി ഇതേവരെ അടിച്ചെടുത്തിട്ടുള്ളത്. ഏഴ് സെഞ്ച്വറികളുള്‍പ്പെടെയാണ് താരത്തിന്‍റെ മിന്നും പ്രകടനം.
ഫെബ്രുവരി ഒമ്പതിന് നാഗ്‌പൂരിലാണ് നാല് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് നടക്കുക. തുടര്‍ന്ന് ഡൽഹി (ഫെബ്രുവരി 17-21), ധർമശാല (മാര്‍ച്ച് 1-5), അഹമ്മദാബാദ് (മാര്‍ച്ച് 9-13) എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങള്‍. അവസാന രണ്ട് തവണയും ഓസ്‌ട്രേലിയന്‍ മണ്ണില്‍ പരമ്പര നേടിയാണ് ഇന്ത്യ മടങ്ങിയത്. ഇതിന് പകരം വീട്ടി 2004ന് ശേഷം ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പരയാണ് ഓസീസിന്‍റെ മനസിലുള്ളത്. ഇതോടെ മത്സരം കടുക്കുമെന്നുറപ്പ്.
ALSO READ:ഇന്ത്യയെ സമ്മര്‍ദത്തിലാക്കാന്‍ അതുമതി; ഓസ്‌ട്രേലിയയ്‌ക്ക് തന്ത്രമോതി മിച്ചല്‍ ജോണ്‍സണ്‍