ലാഹോര്‍ :ഈ വര്‍ഷം സ്വന്തം മണ്ണില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലൂടെ (ODI World Cup) ഐസിസി (ICC) ട്രോഫി കിരീട വരള്‍ച്ച അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ (Team India). 2013ലെ ചാമ്പ്യന്‍സ് ട്രോഫിയാണ് (Champions Trophy 2013) ഇന്ത്യന്‍ ടീം അവസാനമായി സ്വന്തമാക്കിയ ഐസിസി കിരീടം. അതിന് ശേഷം നടന്ന മേജര്‍ ടൂര്‍ണമെന്‍റുകളിലെല്ലാം കിരീട സാധ്യത കല്‍പ്പിച്ചിരുന്ന ടീമുകളുടെ പട്ടികയില്‍ മുന്‍ നിരയിലുണ്ടായിരുന്നെങ്കിലും കപ്പിലേക്ക് ഒരിക്കല്‍പ്പോലും എത്താന്‍ ടീം ഇന്ത്യയ്‌ക്കായിരുന്നില്ല.
പലപ്പോഴും നോക്കൗട്ട് ഘട്ടങ്ങളിലാണ് ഇന്ത്യ കളി മറക്കുന്നത്. 2014ലെ ടി20 ലോകകപ്പിലും 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലുമെത്തിയെങ്കിലും ടീമിന് തോല്‍വിയോടെ മടങ്ങേണ്ടി വന്നിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പിലാകട്ടെ സെമി ഫൈനലിലുമാണ് ഇന്ത്യന്‍ തേരോട്ടം അവസാനിച്ചത്.
പേപ്പറില്‍ കരുത്തരാണെങ്കിലും ഐസിസി ടൂര്‍ണമെന്‍റുകളില്‍ സമ്മര്‍ദത്തിന് അടിപ്പെട്ടാണ് ടീം ഇന്ത്യ പലപ്പോഴും തോല്‍വിയിലേക്ക് കൂപ്പുകുത്തുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഉള്‍പ്പടെ ആരാധകര്‍ ഇത് കണ്ടതുമാണ്. ഏറെ നാളായി കിരീടമില്ലെന്ന ചീത്തപ്പേര് മാറ്റാനായി ഇപ്രാവശ്യം ഇറങ്ങുമ്പോള്‍ ഇന്ത്യ കൂടുതലായി പരിചയ സമ്പന്നരായ താരങ്ങളെ ആശ്രയിക്കണമെന്ന ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം സല്‍മാന്‍ ബട്ട് (Salman Butt).
ലോകകപ്പിലേക്ക് വെറ്ററന്‍ താരങ്ങളായ ശിഖര്‍ ധവാനെയും (Shikhar Dhawan) അജിങ്ക്യ രഹാനെയേയും (Ajinkya Rahane) ഇന്ത്യ പരിഗണിക്കണമെന്നാണ് ബട്ടിന്‍റെ നിര്‍ദേശം. ഇന്ത്യയ്‌ക്കായി 2022 ഡിസംബറില്‍ ആയിരുന്നു ശിഖര്‍ ധവാന്‍ അവസാനമായി ഒരു ഏകദിന മത്സരം കളിച്ചത്. 2018ലായിരുന്നു രഹാനെ അവസാനമായി ഇന്ത്യയുടെ ഏകദിന ജഴ്‌സി അണിഞ്ഞത്.