കറാച്ചി : പാകിസ്ഥാന്‍റെ എക്കാലത്തേയും മികച്ച ഓപ്പണിങ് ജോഡിയായാണ് സയീദ് അൻവറിനേയും ആമിർ സൊഹൈലിനേയും വിലയിരുത്തുന്നത്. ഇന്ത്യയ്‌ക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ ഇരുവരും ഹെല്‍മെറ്റ് വയ്‌ക്കാന്‍ മെനക്കെടാറില്ലെന്ന് അവകാശപ്പെട്ടിരിക്കുകയാണ് മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്.
അക്കാലത്ത് ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് പേസുണ്ടായിരുന്നില്ല. ഇതോടെ പലപ്പോഴും തൊപ്പി മാത്രം ധരിച്ചിറങ്ങുന്ന പാക് ബാറ്റര്‍മാര്‍ ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ച് തകര്‍ത്തിരുന്നതായും സല്‍മാന്‍ ബട്ട് പറഞ്ഞു. ഒരു ഷോയ്‌ക്കിടെ ഏഷ്യൻ സാഹചര്യങ്ങളിൽ ഷാഹിദ് അഫ്രീദിയെ എന്തുകൊണ്ടാണ് ഓപ്പണിങ് ബാറ്ററായി ഉപയോഗിക്കാതിരുന്നതെന്ന ചോദ്യത്തോടാണ് ബട്ടിന്‍റെ പ്രതികരണം.
"സയീദ് അൻവറിന്‍റെയും അമീർ സൊഹൈലിന്‍റെയും കാലത്ത് ഇന്ത്യയുടെ ബൗളിങ് യൂണിറ്റിന് പേസ് ഇല്ലായിരുന്നു. അതുകൊണ്ടാണ് രണ്ട് പേരും ഹെൽമറ്റ് ധരിക്കാൻ പോലും മെനക്കെടാതെ, വെറും തൊപ്പി മാത്രം ധരിച്ച് ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ച് തകര്‍ത്തിരുന്നത്"- ബട്ട് പറഞ്ഞു.