ലാഹോര്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിലെ ഇരട്ട സെഞ്ചുറി പ്രകടനത്തിന് പിന്നാലെ ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിനെ വാനോളം പുകഴ്‌ത്തി പാകിസ്ഥാന്‍ മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്. ഗില്ലിനെ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററോട് ഉപമിച്ച സല്‍മാന്‍ ബട്ട് താരത്തിന്‍റെ ഷോട്ടുകള്‍ അവിശ്വസനീയമാണെന്നും പറഞ്ഞു. ഗില്‍ ഒരു അപൂര്‍വ പ്രതിഭയാണെന്നും മുന്‍ പാക് നായകന്‍ വ്യക്തമാക്കി.
"ഇംഗ്ലണ്ടില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരായ ഗില്ലിന്‍റെ കളി കണ്ടതുമുതല്‍ ഞാന്‍ അവന്‍റെ ആരാധകനായി മാറി. ഗില്ലിനെപ്പോലെ സാങ്കേതിക തികവോടെ ഈ പ്രായത്തില്‍ ഇത്രയും മികച്ച രീതിയില്‍ സ്ട്രോക്കുകള്‍ കളിക്കുന്ന താരങ്ങള്‍ അപൂര്‍വമാണ്. ഓരോ സ്ട്രോക്കുകളും പൂര്‍ത്തിയാക്കുന്ന രീതി അവനെ വ്യത്യസ്‌തനാക്കുന്നു.
സ്ട്രോക് പ്ലേ മാത്രമല്ല, റണ്‍ നേടുന്ന അവന്‍റെ രീതിയും വളരെ സവിശേഷമാണ്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഇതുപോലെ ഏറെ താരങ്ങളെ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. പവര്‍ഹിറ്റര്‍മാരെക്കുറിച്ച് മാത്രമാണ് ടി20 ക്രിക്കറ്റിന്‍റെ ഈ കാലത്ത് ആളുകള്‍ സംസാരിക്കുന്നത്. എന്നാല്‍ ഫെഡററുടേത് പോലെ അവിശ്വസനീയമായ നിലവാരത്തിലും ടെച്ചിലുമാണ് ഗില്‍ തന്‍റെ ഷോട്ടുകള്‍ കളിക്കുന്നത്. അപൂര്‍വ പ്രതിഭയായ ഗില്ലില്‍ മഹാനായ കളിക്കാരന്‍റെ മിന്നലാട്ടങ്ങള്‍ ഇപ്പോഴെ കാണാന്‍ കഴിയും", സല്‍മാന്‍ ബട്ട് പറഞ്ഞു.