ഇസ്ലാമാബാദ് : ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ തോല്‍വി വഴങ്ങിയിരുന്നു (India vs South Africa 1st Test). സെഞ്ചൂറിയനില്‍ മൂന്നാം ദിനത്തില്‍ അവസാനിച്ച മത്സരത്തില്‍ ഇന്നിങ്‌സിനും 32 റണ്‍സിനുമായിരുന്നു സന്ദര്‍ശകരുടെ തോല്‍വി. പ്രോട്ടീസ് പേസര്‍മാര്‍ വിളയാടിയ പിച്ചില്‍ ഇന്ത്യന്‍ നിരയില്‍ ജസ്‌പ്രീത് ബുംറ ഒഴികെയുള്ള താരങ്ങള്‍ക്ക് കാര്യമായി തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
മുഹമ്മദ് സിറാജ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ ശാര്‍ദുല്‍ താക്കൂറും പ്രസിദ്ധ് കൃഷ്‌ണയും തീര്‍ത്തും നിറം മങ്ങി. ഇപ്പോഴിതാ പ്രസിദ്ധിനോ ശാര്‍ദുലിനോ പകരം അര്‍ഷ് ദീപ് സിങ്ങിനെ ഇന്ത്യയ്‌ക്ക് ടീമില്‍ ചേര്‍ക്കാമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്. ഇതു സംബന്ധിച്ച് പാകിസ്ഥാന്‍ മുന്‍ നായകന്‍റെ വാക്കുകള്‍ ഇങ്ങിനെ....
"പ്രസിദ്ധ് കൃഷ്‌ണയേയോ ശാർദുൽ താക്കൂറിനെയോ കളിപ്പിക്കുന്നതിന് പകരം അർഷ്‌ദീപ് സിങ്ങിനെ ഇന്ത്യ ടീമിൽ എടുത്തിരുന്നെങ്കില്‍ അതു ഏറെ നന്നാകുമായിരുന്നു. 135 കിലോമീറ്ററില്‍ ഏറെ വേഗതയിൽ പന്തെറിയാന്‍ അവന് കഴിയും. ഇതൊടൊപ്പം ഇരു വശത്തേക്കും പന്ത് സ്വിങ് ചെയ്യിക്കാനും അവനാകും.
ടെസ്റ്റിലും അവന് മികച്ച രീതിയില്‍ പന്തെറിയാന്‍ കഴിയുമായിരുന്നു. പ്രോട്ടീസ് ബാറ്റര്‍മാര്‍ക്ക് അനായാസം ബൗണ്ടറികള്‍ നേടാന്‍ കഴിയുന്ന തരത്തിലുള്ള ഏറെ പന്തുകളാണ് പ്രസിദ്ധും ശാര്‍ദുലും എറിഞ്ഞത് (Salman Butt says India should have picked Arshdeep Singh over Prasidh Krishna or Shardul Thakur in test Squad against South Africa).