ദുബായ് : അന്താരാഷ്ട്ര ക്രിക്കറ്റ് നിയമം പരിഷ്‌കരിച്ച് ഐസിസി. ഐസിസി ചീഫ് എക്‌സിക്യുട്ടീവ്‌സ് കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് പ്രഖ്യാപനം. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള മെന്‍സ് ക്രിക്കറ്റ് കമ്മിറ്റിയുടെ 2017ലെ ശുപാര്‍ശകള്‍ ചീഫ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗീകരിച്ചു.
ഒക്‌ടോബര്‍ ഒന്ന് മുതലാണ് പുതിയ പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ വരിക. അന്താരാഷ്‌ട്ര ക്രിക്കറ്റിലെ പുതിയ നിയമങ്ങള്‍ അറിയാം.
തുപ്പല്‍ പുരട്ടുന്നതിന് സമ്പൂര്‍ണ വിലക്ക് : കൊവിഡുമായി ബന്ധപ്പെട്ട താൽക്കാലിക നടപടിയെന്ന നിലയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ രണ്ട് വർഷത്തിലേറെയായി പന്തില്‍ തുപ്പല്‍ പുരട്ടുന്നതിന് സമ്പൂര്‍ണ വിലക്കുണ്ടായിരുന്നു. ഇത് തുടരും.
ക്യാച്ച് ഔട്ടില്‍ പുതിയ ബാറ്റര്‍ സ്‌ട്രൈക്ക് ചെയ്യണം : ക്യാച്ച് ഔട്ടുകളില്‍ ഇനി മുതല്‍ പുതിയതായി ക്രീസിലെത്തുന്ന ബാറ്റര്‍ സ്‌ട്രൈക്ക് ചെയ്യണം. നേരത്തെ ക്യാച്ച് പൂര്‍ത്തിയാക്കും മുമ്പ് നോണ്‍ സ്‌ട്രൈക്കിലുള്ള ബാറ്റര്‍ ഓടി പിച്ചിന്‍റെ പകുതി പിന്നിട്ടാല്‍ സ്‌ട്രൈക്ക് കിട്ടുമായിരുന്നു.
രണ്ട് മിനിട്ട് മാത്രം :പുതിയതായി ക്രീസിലെത്തുന്ന ബാറ്റര്‍ ടെസ്റ്റിലും ഏകദിനത്തിലും രണ്ട് മിനിട്ടിനുള്ളിൽ സ്ട്രൈക്ക് എടുക്കാൻ തയ്യാറാകേണ്ടതുണ്ട്. ടി20യിലെ 90 സെക്കൻഡ് എന്ന നിലവിലെ പരിധിയ്‌ക്ക് മാറ്റമില്ല.
പിച്ച് വിട്ട് കളിക്കേണ്ട : ചില പന്തുകള്‍ കളിക്കാനായി ബാറ്റര്‍മാര്‍ പിച്ച് വിട്ട് പുറത്തേക്ക് പോകാറുണ്ട്. എന്നാല്‍ ഇത്തരം നീക്കത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ബാറ്ററെ പിച്ച് വിടാൻ നിർബന്ധിക്കുന്ന ഏത് പന്തും ഇനി മുതല്‍ അമ്പയര്‍ നോ ബോൾ വിളിക്കും. കളിക്കുന്ന ഓരോ പന്തിലും ബാറ്ററുടെ ശരീര ഭാഗമോ, ബാറ്റോ പിച്ചില്‍ വേണം.
മങ്കാദിങ് സാധാരണ റണ്‍ ഔട്ട് : ബൗളര്‍ പന്തെറിയാന്‍ വരുമ്പോള്‍ നോണ്‍ സ്‌ട്രൈക്കറിലുള്ള ബാറ്റര്‍ ക്രീസിന് പുറത്താണെങ്കില്‍ സ്‌റ്റംപ് ചെയ്‌ത് പുറത്താക്കുന്ന രീതിയാണ് മങ്കാദിങ്. ക്രിക്കറ്റ് ലോകത്ത് ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ഒന്നാണിത്.
ക്രിക്കറ്റിന്‍റെ മാന്യതയ്‌ക്ക് നിരക്കാത്തതായാണ് ഇതിനെ പലരും കണക്കാക്കിയിരുന്നത്. എന്നാല്‍ പുതിയ പരിഷ്‌കാരത്തോടെ സാധാരണ റണ്‍ ഔട്ട് ആയാണ് ഇനിമുതല്‍ മങ്കാദിങ് പരിഗണിക്കുക.
ബോളെറിയും മുമ്പ് സ്‌ട്രൈക്കിലുള്ള ബാറ്ററെ റണ്‍ ഔട്ടാക്കാനാവില്ല :പന്തെറിയും മുന്‍പ് സ്‌ട്രൈക്കിലുള്ള ബാറ്റര്‍ ക്രീസ് വിട്ട് പുറത്ത് വരികയാണെങ്കില്‍ ബോളര്‍ക്ക് റണ്‍ ഔട്ടാക്കാമായിരുന്നു. എന്നാല്‍ പുതിയ പരിഷ്‌കാരം നിലവില്‍ വരുന്നതോടെ ഇതിന് വിലക്ക് വരും. ഇത്തരം സാഹചര്യങ്ങളില്‍ ഇനി മുതല്‍ പന്ത് ഡെഡ് ബോളാവും.
ശ്രദ്ധ തെറ്റിക്കേണ്ട : പന്തെറിയും മുമ്പ് ബൗളറുടെ ഭാഗത്ത് അന്യായമായോ കരുതിക്കൂട്ടിയോ ഉള്ള നീക്കമുണ്ടെങ്കില്‍ ബാറ്റിങ് ടീമിന് അമ്പയര്‍ അഞ്ച് പെനാല്‍റ്റി റണ്ണുകള്‍ നല്‍കും. പുറമെ ഡെഡ് ബോള്‍ വിളിക്കുകയും ചെയ്യും.
മറ്റ് പ്രധാന തീരുമാനങ്ങള്‍ : 2022 ജനുവരിയിൽ ടി20കളിൽ അവതരിപ്പിച്ച ഇൻ-മാച്ച് പെനാൽറ്റി ഇനി ഏകദിന മത്സരങ്ങളിലും നടപ്പാക്കും. കുറഞ്ഞ ഓവര്‍ നിരക്കുണ്ടായാല്‍ ശേഷിക്കുന്ന ഓവറുകളിൽ ഒരു അധിക ഫീൽഡറെ ഫീൽഡിങ് സർക്കിളിലേക്ക് കൊണ്ടുവരുന്ന രീതിയാണിത്. 2023ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് പൂർത്തിയായതിന് ശേഷമാവും ഏകദിന മത്സരങ്ങളില്‍ ഇത് സ്വീകരിക്കുക.
കളിക്കുന്ന പിച്ച് മോശമാണെങ്കില്‍ മറ്റൊരു പിച്ച് ഉപയോഗിക്കാമെന്നതാണ് മറ്റൊരു സുപ്രധാന തീരുമാനം. ഇരുടീമുകളുടെയും സമ്മതത്തോടുകൂടിയാണ് പുതിയ ഹൈബ്രിഡ് പിച്ചുകള്‍ ഉപയോഗിക്കാനാവുക. നിലവില്‍ വനിത ടി20 മത്സരങ്ങളില്‍ ഈ രീതി അനുവര്‍ത്തിക്കുന്നുണ്ട്. ഇനിമുതല്‍ എല്ലാ ഏകദിന,ടി20 മത്സരങ്ങളിലും ഈ സൗകര്യം ഉപയോഗപ്പെടുത്താം.