മുംബൈ: ക്രിക്കറ്റ് ലോകത്തെ ഇതിഹാസം സച്ചിൻ ടെൻഡുൽക്കർക്ക് ഓഫ് സ്‌പിന്നർമാരെ നേരിടാൻ ചെറിയ തോതിൽ ബലഹീനത ഉണ്ടായിരുന്നതായി സ്‌പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. ഓഫ് സ്‌പിൻ പന്തുകളിലാണ് സച്ചിൻ ഏറ്റവുമധികം തവണ പുറത്തായിട്ടുള്ളത് എന്ന നിരീക്ഷണത്തിന്‍റെ പശ്ചാത്തലത്തിലാണ് മുരളിയുടെ അഭിപ്രായം.
അതേസമയം, തനിക്കെതിരെ കളിക്കുമ്പോൾ വിക്കറ്റ് കളയാതിരിക്കുന്നതിൽ സച്ചിൻ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നതായി മുരളി പറഞ്ഞു. സാങ്കേതികമായി മികച്ച രീതിയിൽ കളിച്ചിരുന്നതിനാൽ സച്ചിന്‍റെ പ്രതിരോധം തകർക്കുന്നത് ശ്രമകരമായ ദൗത്യമായിരുന്നുവെന്നും മുരളി പറഞ്ഞു.
രാജ്യാന്തര കരിയറിൽ 13 തവണ സച്ചിനെ പുറത്താക്കിയിട്ടുള്ള താരമാണ് മുരളീധരൻ. ഓസ്ട്രേലിയൻ താരം ബ്രെറ്റ് ലീ മാത്രമാണ് ഇക്കാര്യത്തിൽ മുരളീധരന് മുന്നിൽ. 14 തവണയാണ് ബ്രെറ്റ് ലീ സച്ചിന്‍റെ വിക്കറ്റെടുത്തിട്ടുള്ളത്.