മുംബൈ: വിഖ്യാതമായ മുംബൈയിലെ വാങ്കഡെ (Wankhede Stadium) സ്റ്റേഡിയത്തില്‍ ഇനിയെന്നും സച്ചിന്‍ ടെണ്ടുല്‍ക്കറുണ്ടാവും. ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്ററുടെ പൂര്‍ണകായ പ്രതിമ വാങ്കഡെ സ്റ്റേഡിയത്തില്‍ അനാച്ഛാദനം ചെയ്‌തു (Sachin Tendulkar's statue inaugurated at Wankhede Stadium). മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ (Maharashtra Chief Minister Eknath Shinde), ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് (Maharashtra Deputy Chief Minister Devendra Fadnavis), എൻസിപി അധ്യക്ഷൻ ശരദ് പവാർ (NCP President Sharad Pawar) എന്നിവർ ചേർന്നാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.
സകുടുംബം ചടങ്ങില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ചടങ്ങിനെത്തിയിരുന്നു. ബിസിസിഐ സെക്രട്ടറി ജയ് ഷാ, ബിസിസിഐ ട്രഷറർ ആശിഷ് ഷെലാർ, മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് അമോൽ കാലെ എന്നിവരും സന്നിഹിതരായിരുന്നു. മുംബൈ ക്രിക്കറ്റ് അസോസിയേഷനാണ് (Mumbai Cricket Association) ഇതിഹാസ താരത്തോടുള്ള ആദരവിന്‍റെ ഭാഗമായി പ്രതിമ തയ്യാറാക്കിയിരിക്കുന്നത്. വാങ്കഡെ സ്റ്റേഡിയത്തില്‍ നേരത്തെ തന്നെയുള്ള സച്ചിൻ ടെണ്ടുൽക്കർ സ്റ്റാൻഡിന് സമീപത്താണ് താരത്തിന്‍റെ പൂര്‍ണകായ പ്രതിമയും ഇടം പിടിച്ചിരിക്കുന്നത്.
ഏകദേശം 22 അടി ഉയരമാണ് പ്രതിമയ്‌ക്കുള്ളത്. ഇതാദ്യമായാണ് വാങ്കഡെയില്‍ ഒരു താരത്തിന്‍റെ പ്രതിമ സ്ഥാപിക്കുന്നത്. ഈ വർഷം 50 വയസ് പൂർത്തിയായ സച്ചിന് ആദരവര്‍പ്പിക്കുന്നതിന്‍റെ ഭാഗമായാണ് താരത്തിന്‍റെ ഹോം ഗ്രൗണ്ട് കൂടിയായ വാങ്കഡെയില്‍ പ്രതിമ സ്ഥാപിക്കുന്നതിനായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പദ്ധതിയിട്ടത്. ഇതിന്‍റെ പ്രഖ്യാപനം ഈ വര്‍ഷം ആദ്യം തന്നെ അസോസിയേഷന്‍ നടത്തുകയും ചെയ്‌തിരുന്നു.
സച്ചിന് എന്നെന്നും സ്‌പെഷ്യല്‍: സച്ചിന്‍ ടെണ്ടുല്‍ക്കറും (Sachin Tendulkar) വാങ്കഡെ സ്റ്റേഡിയവും തമ്മിലുള്ള ബന്ധം ഏറെ വലിയതാണ്. ആരാധകരുടെ ക്രിക്കറ്റ് ദൈവമായിമാറിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കരിയറിലെ പല ഐതിഹാസിക ഇന്നിങ്സുകളും അരങ്ങേറിയത് തട്ടകമായ വാങ്കഡെ സ്റ്റേഡിയമാണ്. ഏകദിന ലോകകപ്പ് നേട്ടമുള്‍പ്പെടെ താരത്തിന്‍റെ കരിയറിലെ അവിസ്‌മരണീയമായ ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ക്കാണ് വാങ്കഡെ സ്റ്റേഡിയം വേദിയും സാക്ഷിയമായത്.