മുംബൈ : ദക്ഷിണാഫ്രിക്ക ടി20 ലീഗിനിടെ സ്‌ട്രൈക്കിങ് ബാറ്ററടിച്ച പന്ത് ബോളറുടെ കാലില്‍ തട്ടി നോണ്‍ സ്‌ട്രൈക്കിങ് ബാറ്റര്‍ റണ്ണൗട്ടായ സംഭവമുണ്ടായിരുന്നു. പ്രിട്ടോറിയ ക്യാപിറ്റൽസും ജോബർഗ് സൂപ്പർ കിങ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് അപൂര്‍വമായ ഈ റണ്ണൗട്ടുണ്ടായത്. മത്സരത്തില്‍ കമന്‍റേറ്റര്‍മാരായി ഇന്ത്യയുടെ മുന്‍ താരങ്ങളായ ആകാശ് ചോപ്രയും, ആർപി സിങ്ങുമാണ് ഉണ്ടായിരുന്നത്.
കമന്‍ററിക്കിടെ ഒരിക്കല്‍ താന്‍ ഒരു ബാറ്ററെ ഈ വിധം റണ്ണൗട്ടാക്കിയിട്ടുണ്ടെന്ന് ആര്‍പി സിങ് ഓര്‍ത്തെടുത്തിരുന്നു. "ബോളിങ്ങിനിടെ എന്‍റെ ശരീരത്തില്‍ പന്ത് തട്ടിയതിന് ശേഷം ഒരാളെ റണ്ണൗട്ടാക്കാന്‍ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ ബാറ്റിങ്ങിനിടെ ഒരിക്കൽ ഞാന്‍ കളിച്ച സ്‌ട്രെയിറ്റ് ഡ്രൈവില്‍ നോൺ സ്‌ട്രൈക്കറായിരുന്ന ബാറ്റര്‍ റണ്ണൗട്ടായിരുന്നു" - എന്നാണ് ആര്‍പി സിങ് പറഞ്ഞത്.
ആരാണ് ഔട്ടായതെന്ന് ചോപ്ര ചോദിച്ചപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നുവെന്ന് ചിരിച്ചുകൊണ്ടാണ് ആര്‍പി മറുപടി നല്‍കിയത്. തുടര്‍ന്നുള്ള സംഭാഷണത്തിനിടെ ഇന്ത്യയുടെ മുന്‍ പേസറായിരുന്ന ആര്‍പിയെ കളിയാക്കിക്കൊണ്ട് സച്ചിനോട് മാപ്പുപറയണമെന്ന് ചോപ്ര പറയുകയും ചെയ്‌തു. സംഭവത്തിന് ശേഷം ഉടൻ തന്നെ താന്‍ സച്ചിനോട് ക്ഷമാപണം നടത്തിയെന്ന് ആര്‍പി മറുപടി നല്‍കുകയും ചെയ്‌തു.