മുംബൈ:ഐപിഎല്‍ 15ാം പതിപ്പിലെ മികച്ച ഇലവനെ തെരഞ്ഞെടുത്ത് ഇതിഹാസ ക്രിക്കറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഐപിഎല്‍ ജേതാവായ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് സച്ചിന്‍റെ ടീമിനെയും നയിക്കുന്നത്. കളിക്കാരുടെ പ്രശസ്തിയോ മുൻകാല പ്രകടനങ്ങളോ കണക്കാക്കാതെ സീസണിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പെന്ന് സച്ചിന്‍ തന്‍റെ യൂട്യൂബ് ചാനലില്‍ വ്യക്തമാക്കി.
ഐപിഎല്ലില്‍ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം നടത്തിയ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സച്ചിന്‍ തയ്യാറായില്ല. രാജസ്ഥാന്‍ താരം ജോസ് ബട്‌ലറും പഞ്ചാബ് കിങ്‌സിന്‍റെ ശിഖര്‍ ധവാനുമാണ് സച്ചിന്‍റെ ടീമിലെ ഓപ്പണര്‍മാര്‍. സീസണിലെ ഓറഞ്ച് ക്യാപ്പ് ജേതാവായ ബട്‌ലറെ പുകഴ്‌ത്തിയ സച്ചിന്‍ സീസണില്‍ ബട്‌ലറിനോളം അപകടകാരിയായ മറ്റൊരു ബാറ്ററുണ്ടായിരുന്നില്ലെന്നും പറഞ്ഞു.
സ്‌ട്രൈക്ക് നന്നായി റൊട്ടേറ്റ് ചെയ്‌ത് ടീമിന് മികച്ച തുടക്കം നല്‍കാനാവുന്ന താരമാണ് ധവാനെന്നും താരത്തിന്‍റെ അനുഭവങ്ങള്‍ ടീമിന് ഗുണം ചെയ്യുമെന്നുമാണ് സച്ചിന്‍റെ വിലയിരുത്തല്‍. മൂന്നാം നമ്പറില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെയാണ് സച്ചിന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. സ്ഥിരതയാര്‍ന്ന പ്രകടനമാണ് രാഹുലിന്‍റേതെന്നും ആവശ്യമുള്ള സമയത്ത് കൂടുതല്‍ ആക്രമിച്ച് കളിക്കാന്‍ താരത്തിനാവുമെന്നും സച്ചിന്‍ വിലയിരുത്തി.
ഹാര്‍ദിക് പാണ്ഡ്യ നാലാമനായും ഗുജറാത്തിന്‍റെ തന്നെ ഡേവിഡ് മില്ലര്‍ അഞ്ചാമനായുമാണ് കളത്തിലെത്തുക. തുടര്‍ന്ന് പഞ്ചാബിന്‍റെ ലിയാം ലിവിങ്സ്റ്റണും ക്രീസിലെത്തും. ഫിനിഷറുടെ റോളില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ദിനേഷ് കാര്‍ത്തികിനെയാണ് സച്ചിന്‍ പരിഗണിക്കുന്നത്. ടീമിലെ വിക്കറ്റ് കീപ്പറും കാര്‍ത്തികാണ്.