കേപ്‌ടൗണ്‍ :ദക്ഷിണാഫ്രിക്ക ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന്‍റെ ഒന്നാം ദിനം കണ്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്‌സില്‍ 55 റണ്‍സിന് പുറത്താകുമ്പോള്‍ താന്‍ ഒരു യാത്രയിലായിരുന്നെന്നും തിരികെ വീട്ടിലെത്തി ടിവി നോക്കുമ്പോള്‍ അവര്‍ വീണ്ടും ബാറ്റ് ചെയ്യുന്നതാണ് കാണാന്‍ കഴിഞ്ഞതെന്നും സച്ചിന്‍ എക്‌സില്‍ കുറിച്ചു. കേപ്‌ടൗണില്‍ മത്സരത്തിന്‍റെ ആദ്യ ദിവസം തന്നെ 23 വിക്കറ്റുകള്‍ വീണതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു സച്ചിന്‍.
'വിശ്വസിക്കാന്‍ സാധിക്കുന്നില്ല, ഒരു ദിവസം 23 വിക്കറ്റുകള്‍ നഷ്‌ടപ്പെട്ടുകൊണ്ടാണ് 2024ലെ ക്രിക്കറ്റ് തുടങ്ങിയിരിക്കുന്നത്. ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്‌സില്‍ ഓള്‍ ഔട്ട് ആയപ്പോഴാണ് ഞാന്‍ വിമാനത്തില്‍ കയറിയത്. ഇപ്പോള്‍ നാട്ടിലെത്തി ടെലിവിഷന്‍ നോക്കുമ്പോള്‍ കാണുന്നത് ദക്ഷിണാഫ്രിക്കയ്‌ക്ക് മൂന്ന് വിക്കറ്റ് നഷ്‌ടമായെന്നാണ്. മത്സരത്തിന്‍റെ ഏത് ഭാഗമാണ് ഞാന്‍ നഷ്‌ടപ്പെടുത്തിയത്?'- സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എക്‌സില്‍ കുറിച്ചു.
കേപ്‌ടൗണിലെ ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക കൂട്ടത്തകര്‍ച്ചയായിരുന്നു നേരിട്ടത്. 55 റണ്‍സ് മാത്രം നേടുന്നതിനിടെ തന്നെ അവര്‍ക്ക് എല്ലാ വിക്കറ്റുകളും നഷ്‌ടപ്പെട്ടു. ആറ് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജിന്‍റെ തീപ്പൊരി ബൗളിങ് ആയിരുന്നു ആതിഥേയരെ എറിഞ്ഞിട്ടത്.