മുംബൈ : സിക്‌സെന്നുറപ്പിച്ച പല പന്തുകളും ഫീല്‍ഡര്‍മാര്‍ ജഗ്‌ളിങ് ക്യാച്ചിലൂടെ കയ്യിലൊതുക്കുന്നത് ഇപ്പോഴത്ര പുതുമയുള്ള കാര്യമല്ല. എന്നാല്‍ ക്രിക്കറ്റില്‍ കുറച്ച് ഫുട്‌ബോള്‍ കലര്‍ന്നാല്‍ അത് കൗതുകമുള്ള കാഴ്‌ച തന്നെയാണ്. ഇത്തരം ഒരു വീഡിയോയാണ് നിലവില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഒരു പ്രാദേശിക ടെന്നീസ് ബോള്‍ മത്സരത്തിനിടെയുള്ള വീഡിയോയാണിത്. ബൗണ്ടറിയിലേക്ക് ഉയര്‍ന്നുവന്ന പന്ത് ചാടിപ്പിടിക്കാന്‍ കഴിഞ്ഞെങ്കിലും ലൈനിനിപ്പുറത്ത് നില്‍പ്പുറപ്പിക്കാന്‍ ഫീല്‍ഡര്‍ക്ക് കഴിഞ്ഞില്ല. ഇതോടെ വായുവില്‍ ഉയര്‍ത്തിയിട്ട പന്ത് പോയത് ബൗണ്ടറി ലൈനിന് പുറത്തേക്കായിരുന്നു.
ഈ പന്ത് നിലം തൊടും മുമ്പ് ഫുട്ബോളിലെ ബൈസിക്കിള്‍ കിക്കിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ കാലുകള്‍ കൊണ്ട് ബൗണ്ടറിക്ക് ഉള്ളിലേക്ക് അടിക്കുകയാണ് ഫീല്‍ഡര്‍ ചെയ്‌തത്. ഈ പന്ത് സമീപത്തുണ്ടായിരുന്ന മറ്റൊരു ഫീല്‍ഡര്‍ അനായാസം കൈയിലൊതുക്കുകയുമായിരുന്നു.