മുംബൈ: ക്രിക്കറ്റ് ആരാധകര്‍ക്ക് വികാരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (Sachin Tendulkar). ഇന്ത്യയ്‌ക്കായുള്ള നിരവധിയായ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ക്രിക്കറ്റിന്‍റെ ദൈവമായി വളരാനും സച്ചിന് കഴിഞ്ഞിരുന്നു. ലോക ക്രിക്കറ്റില്‍ അപ്രാപ്യമെന്ന് തോന്നിച്ച നിരവധി റെക്കോഡുകള്‍ ഉള്‍പ്പെടെ നേടിയെടുത്താണ് താരം ഈ വിശേഷണം സ്വന്തമാക്കിയത്. ഇപ്പോഴിതാ വിഖ്യാതമായ വാങ്കഡെ (Wankhede Stadium) ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പൂര്‍ണ്ണകായ പ്രതിമ അനാച്ഛാദനത്തിനൊരുങ്ങിയിരിക്കുകയാണ്.
നവംബർ ഒന്നിന് വാങ്കഡെ സ്റ്റേഡിയത്തില്‍ സച്ചിൻ ടെണ്ടുൽക്കറുടെ പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്യും (Sachin Tendulkar's life-size statue to be inaugurated at Wankhede Stadium). മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (Mumbai Cricket Association) പ്രസിഡന്‍റ് അമോൽ കാലെ (MCA President Amol Kale) ഇടിവി ഭാരതിനോട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷം 50 വയസ് പൂർത്തിയായ സച്ചിന് ആദരവര്‍പ്പിക്കുന്നതിന്‍റെ ഭാഗമായാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ താരത്തിന്‍റെ ഹോം ഗ്രൗണ്ട് കൂടിയായ വാങ്കഡെയില്‍ പ്രതിമ സ്ഥാപിക്കുന്നത്.
ഏകദിന ലോകകപ്പ് നേട്ടമുള്‍പ്പെടെ സച്ചിന്‍റെ കരിയറിലെ അവിസ്‌മരണീയമായ നിരവധി മുഹൂര്‍ത്തങ്ങള്‍ക്ക് വേദിയായത് വാങ്കഡെ സ്റ്റേഡിയമാണ്. 2011-ലായിരുന്നു എംഎസ് ധോണിയുടെ നേതൃത്വത്തിലിറങ്ങിയ സച്ചിനും സംഘവും ഇന്ത്യന്‍ വാങ്കഡെയില്‍ ഏകദിന ലോകകപ്പ് ഉയര്‍ത്തിയത്. 2013 നവംബറിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിന് ശേഷം സച്ചിൻ തന്‍റെ ക്രിക്കറ്റ് കരിയർ ഔദ്യോഗികമായി അവസാനിപ്പിച്ചതും വാങ്കഡെയിലായിരുന്നു.