ലണ്ടന്‍ : ജസ്‌പ്രീത് ബുംറ ലോകത്തെ ഏറ്റവും മികച്ച ബോളറാണെന്ന് ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍. ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെയാണ് നാസര്‍ ഹുസൈന്‍റെ പ്രശംസ. ബുംറയ്‌ക്ക് വെല്ലുവിളികളുണ്ടെന്നും സ്കൈ സ്പോർട്‌സിനായുള്ള തന്‍റെ കോളത്തില്‍ നാസര്‍ ഹുസൈന്‍ എഴുതി.
'എല്ലാ ഫോർമാറ്റിലും ലോകത്തെ ഏറ്റവും മികച്ച ബോളറാകാൻ പോകുന്നത് ഇന്ത്യൻ താരം ജസ്‌പ്രീത് ബുംറയാണ്. ആരൊക്കെയാണ് അയാൾക്ക് എതിരാളികൾ. ഒരു പക്ഷേ ട്രെന്‍റ് ബോൾട്ട്, ഷഹീൻ ഷാ അഫ്രീദി, ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ ജോഫ്ര ആർച്ചർ എന്നിവരൊക്കെ എതിരാളികളാവാം. എന്നാൽ ഇപ്പോൾ, അവൻ ഏറ്റവും മികച്ചവനാണ്' - നാസര്‍ ഹുസൈന്‍ എഴുതി.
ഹുസൈന്‍റെ അഭിപ്രായത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും രംഗത്തെത്തി. താന്‍ നേരത്തേ പറഞ്ഞ കാര്യത്തോട് ഹുസൈന്‍ യോജിച്ചതില്‍ സന്തോഷമുണ്ടെന്ന് സച്ചിന്‍ ട്വീറ്റ് ചെയ്‌തു. ഓവലിലെ മികച്ച പ്രകടനത്തിന് ബുംറയെ അഭിനന്ദിച്ചും സച്ചിന്‍ രംഗത്തെത്തിയിരുന്നു.