മുംബൈ: സാങ്കേതികവിദ്യയുടെ വ്യാപകമായ ദുരുപയോഗത്തിലൂടെ തയ്യാറാക്കുന്ന ഡീപ്‌ഫേക്ക് വീഡിയോകള്‍ വലിയ വെല്ലുവിളിയായിരിക്കുകയാണ്. നടിമാരായ രശ്‌മിക മന്ദാന, ആലിയ ഭട്ട്, കത്രീന കൈഫ്, ഐശ്വര്യ റായ് ബച്ചന്‍ എന്നിങ്ങനെ നിരവധി പേര്‍ ഡീപ്‌ഫേക്കിന് ഇരയായിരുന്നു. ഇപ്പോഴിതാ തന്‍റെ പേരിലുള്ള ഡീപ്‌ഫേക്ക് വീഡിയോയ്‌ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. (Sachin Tendulkar Against deepfake)
തന്‍റെ മുഖം ഉപയോഗിച്ചുള്ള ഒരു ഓണ്‍ലൈന്‍ ഗെയിമിന്‍റെ പരസ്യം എക്‌സില്‍ പങ്കുവച്ചുകൊണ്ട് ഇത്തരം വീഡിയോകള്‍ക്ക് എതിരെ ജാഗ്രത പാലിക്കണമെന്നാണ് സച്ചിന്‍ പറഞ്ഞിരിക്കുന്നത്. "ഈ വീഡിയോകൾ വ്യാജമാണ്. സാങ്കേതികവിദ്യയുടെ വ്യാപകമായ ദുരുപയോഗം ഏറെ അസ്വസ്ഥമാക്കുന്നുണ്ട്.
ഇതുപോലെയുള്ള വീഡിയോകളും പരസ്യങ്ങളും ആപ്പുകളും റിപ്പോർട്ട് ചെയ്യാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഏറെ ജാഗ്രത പാലിക്കുകയും പ്രതികരിക്കുകയും വേണം. തെറ്റായ വിവരങ്ങളുടെയും വ്യാജ വീഡിയോകളുടേയും വ്യാപനം തടയുന്നതിന് ദ്രുത ഗതിയിലുള്ള നടപടി നിർണായകമാണ്" സച്ചിന്‍ തന്‍റെ എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.
ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം, വകുപ്പിന്‍റെ ചുമതല വഹിക്കുന്ന കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍, മഹാരാഷ്‌ട്ര സൈബര്‍ എന്നിവരെ ടാഗ് ചെയ്‌തുകൊണ്ടാണ് സച്ചിന്‍റെ എക്‌സ് പോസ്റ്റ്. ആരാധകര്‍ ക്രിക്കറ്റ് ദൈവമെന്ന് വാഴ്‌ത്തുന്ന താരമാണ് സച്ചിന്‍. തന്‍റെ കരിയറില്‍ സച്ചിന്‍ സ്വന്തമാക്കിയ റെക്കോഡുകളാണ് ഇതിന് അടിവരയിടുന്നത്.
അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍, ഏറ്റവും കൂടുതല്‍ റണ്‍സ് തുടങ്ങി നിരവധിയായ റെക്കോഡുകള്‍ ഇന്നും സച്ചിന് മാത്രം സ്വന്തമാണ്. ഇന്ത്യയ്‌ക്കായി 200 ടെസ്റ്റുകളിൽ നിന്ന് 53.79 ശരാശരിയിൽ 15,921 റൺസാണ് താരം നേടിയിട്ടുള്ളത്. 51 ടെസ്റ്റ് സെഞ്ചുറികളും 68 അർധ സെഞ്ചുറികളും ഉള്‍പ്പെടെയാണ് മാസ്‌റ്റര്‍ബ്ലാസ്റ്ററുടെ റണ്‍വേട്ട.