ലോകക്രിക്കറ്റില്‍പകരക്കാരനില്ലാത്ത വ്യക്തിയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 16-ാം വയസില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയ അദ്ദേഹം നീണ്ട 24 വര്‍ഷം കൊണ്ട് ക്രിക്കറ്റ് ലോകത്ത് തന്‍റേതായ ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തു. 200 ടെസ്റ്റ് മത്സരങ്ങള്‍, 463 രാജ്യാന്തര ഏകദിനങ്ങള്‍. ഇത്രയോളം മത്സരങ്ങളില്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ് അദ്ദേഹം വെട്ടിപ്പിടിച്ച നേട്ടങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്.
ഇന്ന് 50ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍, സച്ചിന്‍ ക്രിക്കറ്റ് മൈതാനത്തോട് വിട പറഞ്ഞിട്ട് പത്ത് വര്‍ഷക്കാലത്തോളമായി. എന്നിട്ടും അദ്ദേഹത്തിന്‍റെ പേര് പറഞ്ഞാലോ, അല്ലെങ്കില്‍ ഇന്ത്യയുടെയോ ഐപിഎല്‍ മത്സരങ്ങളുടെ ഇടയ്‌ക്കോ അദ്ദേഹത്തെ ബിഗ്‌സ്ക്രീനില്‍ കാണിച്ചാലോ ഉയരുന്ന ആരവം മതിയാകും പുതുതലമുറയ്‌ക്ക് സച്ചിന്‍ എന്ന ഇതിഹാസം ആരാണെന്ന് മനസിലാക്കാന്‍.
എല്ലാ കായിക ഇനത്തിനും ഓരോ തലമുറയിലും ഓരോ സൂപ്പര്‍ ഹീറോകളുണ്ടാകാറുണ്ട്. എന്നാല്‍ ക്രിക്കറ്റില്‍, സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസം എല്ലാ തലമുറയുടെയും ഹീറോയാണെന്ന് നിസംശയം പറയാം. ക്രിക്കറ്റ് ചരിത്രത്തില്‍ റണ്‍സ്, സെഞ്ച്വറികള്‍, അര്‍ധസെഞ്ച്വറികള്‍ എന്നിവയുടെ ഏത് കണക്ക് എടുത്താലും മുന്‍പന്തിയില്‍ തന്നെ ഉണ്ടാകും 'ക്രിക്കറ്റ് ദൈവം' എന്ന സച്ചിന്‍.
പ്രിയപ്പെട്ട അര്‍ധസെഞ്ച്വറി :24 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തില്‍ 100 സെഞ്ച്വറിയും 164 അര്‍ധസെഞ്ച്വറിയുമാണ് സാക്ഷാല്‍ സച്ചിന്‍ അടിച്ചുകൂട്ടിയിട്ടുള്ളത്. ഇതുവരെയും മറ്റ് താരങ്ങള്‍ക്കൊന്നും സച്ചിന്‍റെ ഈ നേട്ടത്തിനൊപ്പമെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് മുന്‍പ് മുംബൈയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എത്തിയിരുന്നു.
നിരവധി ആരാധകരുമുണ്ടായിരുന്നു ഈ ചടങ്ങില്‍. ചടങ്ങിനിടെ ഒരു ആരാധകന്‍റെ ചോദ്യം സച്ചിന് നേരെ ഉയര്‍ന്നു. 'നിങ്ങള്‍ കരിയറില്‍ 164 അര്‍ധസെഞ്ച്വറികള്‍ നേടിയിട്ടുണ്ടല്ലോ..? അതില്‍ ഏത് ഇന്നിങ്‌സായിരുന്നു മറക്കാന്‍ കഴിയാത്തത്'.
ഒട്ടും വൈകാതെ തന്നെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അതിന് മറുപടിയും പറഞ്ഞു. ' എന്‍റെ പ്രിയപ്പെട്ട അർധസെഞ്ചുറിയോ, അതാണ് ഞാന്‍ എന്‍റെ ജീവിതത്തില്‍ ഇപ്പോള്‍ സ്‌കോര്‍ ചെയ്യുന്നത്'. തന്‍റെ അന്‍പതാം പിറന്നാളിനെ പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
അഭിമാനവും സന്തോഷവും :തന്‍റെ 50-ാം പിറന്നാളില്‍, രണ്ടര പതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് യാത്രയേയും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഓര്‍ത്തെടുത്തു. ' ഇതെല്ലാം കാല്‍നൂറ്റാണ്ടിനിടെ സംഭവിച്ചതാണെന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസമാണ്. എനിക്കിപ്പോള്‍ 25 വയസുള്ള മകനും 23കാരിയായ ഒരു മകളുമുണ്ട്.
എത്ര വേഗത്തിലാണ് സമയം കടന്നുപോകുന്നതെന്ന കാര്യം മനസിനെ അലോസരപ്പെടുത്തുന്ന ഒന്നാണ്. എങ്കിലും, ഇത് അനിവാര്യമായ ഒരു ഘടകമാണ്. കാലത്തിനനുസരിച്ച് ആളുകളും മാറുന്നു.