മുംബൈ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മിന്നും പ്രകടനത്തിന് ഇന്ത്യയുടെ യുവ ബാറ്റര്‍ ശുഭ്‌മാന്‍ ഗില്ലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ സെലക്‌ടർ സാബാ കരീം. ഇന്ത്യന്‍ ക്രിക്കറ്റില്‍ കുറച്ചുകാലമായി കാണാത്ത ഒരു പ്രതിഭ ഗില്ലിനുണ്ട്. ഇന്ത്യൻ ബാറ്റിങ് ഓർഡറിന്‍റെ നട്ടെല്ലായി മാറാൻ 23കാരന് കഴിയുമെന്നും സാബാ കരീം പറഞ്ഞു.
സച്ചിൻ ടെണ്ടുൽക്കര്‍, വിരാട് കോലി എന്നിവരുടെ പാരമ്പര്യം ഗില്‍ മുന്നോട്ട് കൊണ്ടുപോകുമെന്നും മുന്‍ സെലക്‌ടര്‍ അഭിപ്രായപ്പെട്ടു. "ഗില്ലിന്‍റെ കളി ശൈലി മികച്ചതാണ്. സച്ചിൻ ടെണ്ടുൽക്കറുടെയും വിരാട് കോലിയുടെയും പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ അവന് കഴിയും.
ഏറ്റവും വലിയ പരീക്ഷണം വിദേശ സാഹചര്യങ്ങളാണ്. നേരത്തെ ഇംഗ്ലണ്ടിൽ ടെസ്റ്റ് കളിക്കുമ്പോള്‍ ഗില്ലിന്‍റെ ട്രാക്ക് അത്ര മികച്ചതായിരുന്നില്ല. എന്നാല്‍ അധികം വൈകാതെ തന്നെ അവന്‍ ഇന്ത്യൻ ബാറ്റിങ്ങിന്‍റെ നട്ടെല്ലായി മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഏറെ നാളുകൾക്ക് ശേഷമാണ് ഇത്തരമൊരു കഴിവ് നമ്മള്‍ കാണുന്നത്. ഭാവിയിൽ, ശക്തരായ എതിരാളികൾക്കെതിരെ അവന്‍ എങ്ങനെയാവും കളിക്കുകയെന്നത് നമുക്ക് നോക്കേണ്ടതുണ്ട്. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലും നിലവാരമുള്ള പേസ് ബോളര്‍മാരാലും ഗില്ലിനെ പരീക്ഷിക്കണം. എന്നിരുന്നാലും തുടക്കം ഗംഭീരമായിരുന്നുവെന്ന് പറയാതെ വയ്യ", സാബാ കരീം പറഞ്ഞു.
പക്വതയോടെ കളിക്കുന്ന താരം: കിവീസിനെതിരെ നല്ല പക്വതയോടെയാണ് ഗില്‍ ബാറ്റ് ചെയ്‌തതെന്നും ഭാവിയിൽ ഇതിലും മികച്ച കളിക്കാരനാകാൻ താരത്തിന് കഴിയുമെന്നും മുന്‍ സെലക്‌ടര്‍ കൂട്ടിച്ചേര്‍ത്തു. "ശുഭ്‌മാന്‍ ഗില്ലിന്‍റെ ബാറ്റിങ്ങിനെക്കുറിച്ച് ഒരുപാട് കാര്യങ്ങളുണ്ട്. തികഞ്ഞ പക്വതയോടെയാണ് അവന്‍ ബാറ്റ് ചെയ്യുന്നത്.