മുംബൈ : വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ മലയാളി താരം സഞ്‌ജു സാംസണിന് ഇടം ലഭിച്ചിരുന്നു. കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ പരിക്കേറ്റ് പുറത്തായതാണ് സഞ്‌ജുവിന് വീണ്ടും ഏകദിന ടീമിലേക്ക് വിളിയെത്താനുള്ള പ്രധാന കാരണം. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള ഇരു താരങ്ങളും എന്നാവും അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുകയെന്ന കാര്യത്തില്‍ ഇതേവരെ വ്യക്തതയില്ല.
ഇതോടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ തിളങ്ങിയാല്‍ 28-കാരനായ സഞ്‌ജുവിന് ഏഷ്യ കപ്പിലേക്കും അതുവഴി ലോകകപ്പിലേക്കും വഴിയൊരുങ്ങിയേക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാലിതാ സ്ഥിരതയില്ലാത്ത താരമാണ് സഞ്‌ജു സാംസണ്‍ എന്ന് വിമര്‍ശിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും സെലക്‌ടറുമായിരുന്ന സാബ കരീം. ഇക്കാരണത്താലാണ് സൂര്യകുമാര്‍ യാദവിനേയും ശ്രേയസ് അയ്യരേയും പോലെ സഞ്‌ജു സാംസണെ ഇന്ത്യയുടെ മധ്യനിരയില്‍ സ്ഥിരക്കാരനാക്കാത്തതെന്നാണ് സാബ കരീം പറയുന്നത്.
ഐപിഎല്ലിൽ യശസ്വി ജയ്‌സ്വാളിനെയും തിലക് വർമയെയും പോലെയുള്ള താരങ്ങള്‍ക്ക് അതിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. "പരിക്കുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് കളിക്കാരെ ലഭ്യമല്ലെങ്കില്‍, സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ ഉണ്ടാകണമെന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. അവന് സ്ഥിരതയോടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയണം.
അതുവഴി ടീമിന്‍റെ ഭാഗമായ നിലവിലെ താരങ്ങളെ വെല്ലുവളിക്കാനും സഞ്‌ജുവിന് കഴിയണം. നിര്‍ഭാഗ്യവശാല്‍ അവന് അതിന് കഴിയുന്നില്ലെന്നതാണ് സത്യം. ഐപിഎല്ലില്‍ നോക്കുകയാണെങ്കില്‍ ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത ലഭിക്കും. ഈ വർഷം യശസ്വി ജയ്‌സ്വാളില്‍ നിന്നും തിലക് വർമയില്‍ നിന്നും ഉണ്ടായതുപോലുള്ള പ്രകടനം സഞ്‌ജുവില്‍ നിന്ന് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.