ദുബായ് :ഏഷ്യ കപ്പിനിടെ പരിക്കേറ്റ് ടീമില്‍ നിന്നും പുറത്തായ സ്‌റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ തിരിച്ചുവരവ് എളുപ്പമാകില്ലെന്ന് മുന്‍ സെലക്‌ടര്‍ സാബാ കരീം. ഇപ്പോഴത്തെ പരിക്ക് ഇന്ത്യന്‍ ഓള്‍ റൗണ്ടറിന് സങ്കീര്‍ണമായ ഒന്നാണ്. ഈ പ്രായത്തില്‍ പറ്റിയ പരിക്കില്‍ നിന്ന് മുക്തി നേടി മികച്ച പ്രകടനം നടത്തുക എന്നത് ജഡേജയ്‌ക്ക് കനത്ത വെല്ലുവിളിയാകുമെന്നും സാബാ കരീം അഭിപ്രായപ്പെട്ടു.
ഇതിന് മുന്‍പ് പരിക്കില്‍ നിന്ന് മുക്തി നേടിയെത്തിയ ജഡേജ മികച്ച പ്രകടനങ്ങളാണ് കാഴ്‌ചവച്ചിട്ടുള്ളത്. നിലവില്‍ കഠിനമായ പരിശീലനത്തിലൂടെ മാത്രമേ ജഡുവിന് ടീമിലേക്ക് തിരിച്ചെത്താന്‍ സാധിക്കൂ. പരിക്കിന് ശേഷം താന്‍ ചെയ്യുന്ന തയ്യാറെടുപ്പുകളെ മാത്രം ആശ്രയിച്ചായിരിക്കും അദ്ദേഹത്തിന്‍റെ ടീമിലേക്കുള്ള മടങ്ങിവരവെന്നും സാബാ കരീം പറഞ്ഞു.