ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസ് നിരയുടെ കുന്തമുനയാണ് ജസ്‌പ്രീത് ബുംറ. ടി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രതീക്ഷയില്‍ നിര്‍ണായക സ്ഥാനമാണ് ബുംറയ്‌ക്കുള്ളത്. എന്നാല്‍ പരിക്കിനെ തുടര്‍ന്നുള്ള നീണ്ട ഇടവേളയ്‌ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ താരത്തിന് തന്‍റെ മികവിലേക്ക് ഉയരാന്‍ കഴിഞ്ഞിട്ടില്ല.
ഓസീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലൂടെയാണ് ബുംറയുടെ തിരിച്ച് വരവുണ്ടായത്. എന്നാല്‍ മൂന്നാം ടി20യില്‍ നാല് ഓവറില്‍ 50 റണ്‍സാണ് താരം വിട്ടുകൊടുത്തത്. താരത്തിന്‍റെ ഈ പ്രകടനം ആശങ്കയ്‌ക്ക് വഴിയൊരുക്കിയിരുന്നു.
എന്നാല്‍ ശരിയായ സമയത്ത് ബുംറ ഫോമിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷ പങ്കുവച്ചിരിക്കുകയാണ് മുന്‍ സെലക്‌ടര്‍ സാബ കരീം. നീണ്ട ഇടവേളയ്‌ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ താളം കണ്ടെത്താന്‍ ബുംറയ്‌ക്ക് സമയം ആവശ്യമാണെന്നും സാബ കരീം പറഞ്ഞു. "എല്ലാ ടി20 മത്സരങ്ങളിലും വളരെ ഫലപ്രദമായ രീതിയിൽ പന്തെറിയണമെന്നാണ് പേസ് ബോളര്‍മാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അതു സംഭവിക്കാൻ പോകുന്നില്ല. പ്രവചനാതീതമായ ഫോര്‍മാറ്റാണിത്.