സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ടീം ഇന്ത്യ കൈവിട്ടത്. സെഞ്ചൂറിയനില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 245 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ പ്രോട്ടീസ് ഒന്നാം ഇന്നിങ്‌സില്‍ 408 റണ്‍സ് അടിച്ച് 163 റണ്‍സിന്‍റെ ലീഡും സ്വന്തമാക്കിയിരുന്നു.
163 റണ്‍സിന്‍റെ കടവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യയ്‌ക്ക് 34.1 ഓവറില്‍ 131 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത് (South Africa vs India 1st Test). വിരാട് കോലി (Virat Kohli) ഒഴികെയുള്ള ബാറ്റര്‍മാര്‍ അതിവേഗം പ്രോട്ടീസ് ആക്രമണത്തിന് മുന്നില്‍ മുട്ടുമടക്കിയതാണ് ടീം ഇന്ത്യയെ വമ്പന്‍ തോല്‍വിയിലേക്ക് തള്ളിയിട്ടത്. നാലാം നമ്പറില്‍ ക്രീസിലെത്തിയ വിരാട് കോലി 82 പന്തില്‍ 76 റണ്‍സ് നേടി അവസാനമാണ് പുറത്തായത്.
ഈ പ്രകടനത്തോടെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏഴ് കലണ്ടര്‍ വര്‍ഷത്തില്‍ 2,000 റണ്‍സ് നേടുന്ന ആദ്യത്തെ ബാറ്ററായി മാറാന്‍ വിരാട് കോലിക്ക് സാധിച്ചു (Virat Kohli Record). 2023ല്‍ രാജ്യാന്തര ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റില്‍ നിന്നുമായി 2048 റണ്‍സാണ് കോലി അടിച്ചെടുത്തത്. നേരത്തെ, 2012 (2186 റണ്‍സ്), 2014 (2286 റണ്‍സ്), 2016 (2595 റണ്‍സ്), 2017 (2818 റണ്‍സ്), 2018 (2735 റണ്‍സ്), 2019 (2455 റണ്‍സ്) എന്നീ വര്‍ഷങ്ങളിലും വിരാട് കോലി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 2,000 റണ്‍സ് നേടിയിട്ടുണ്ട്. ക്രിക്കറ്റിന്‍റെ 146 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ഈ നേട്ടം സ്വന്തമാക്കുന്നത്.