സെഞ്ചൂറിയന്‍ :ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ബൗളര്‍മാരുടെ മോശം പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ വിമര്‍ശനവുമായി മുന്‍ പരിശീലകനും കമന്‍റേറ്ററുമായ രവി ശാസ്ത്രി (Ravi Shastri criticizes Rohit Sharma). സെഞ്ചൂറിയനിലെ രണ്ടാം ദിനത്തില്‍ ഉച്ചഭക്ഷണത്തിന് ശേഷമുള്ള സെഷനില്‍ രോഹിത് എടുത്ത തീരുമാനത്തിനെതിരെയാണ് രവി ശാസ്‌ത്രി അതൃപ്‌തി പ്രകടിപ്പിച്ചത്. ഇന്നലെ (ഡിസംബര്‍ 27) ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 49 റണ്‍സ് എന്ന നിലയിലായിരുന്നു ആതിഥേയരായ ദക്ഷിണാഫ്രിക്ക.
മത്സരത്തില്‍ സെഞ്ച്വറിയടിച്ച ഡീന്‍ എല്‍ഗാര്‍ 29 റണ്‍സുമായും 12 റണ്‍സ് നേടി ടോണി ഡി സോര്‍സിയുമായിരുന്നു ഉച്ചഭക്ഷണത്തിന് ശേഷം പ്രോട്ടീസ് ബാറ്റിങ്ങ് പുനരാരംഭിക്കുമ്പോള്‍ ക്രീസില്‍. മത്സരം പുനരാരംഭിച്ച സമയത്ത് ബൗളര്‍മാര്‍ക്ക് ഏറെ അനുകൂലമായിരുന്നു സെഞ്ചൂറിയനിലെ പിച്ച്. ഈ സമയത്ത് പ്രധാന ബൗളര്‍മാരായ ജസ്‌പ്രീത് ബുംറയേയും (Jasprit Bumrah) മുഹമ്മദ് സിറാജിനെയും (Mohammed Siraj) പന്തെറിയാന്‍ രോഹിത് കൊണ്ടുവന്നില്ല. പകരമായി ശര്‍ദുല്‍ താക്കൂര്‍ (Shardul Thakur), പ്രസിദ് കൃഷ്‌ണ (Prasidh Krishna) എന്നിവരെയാണ് ഇന്ത്യന്‍ നായകന്‍ പന്തേല്‍പ്പിച്ചത്.
ഈ തീരുമാനത്തിലൂടെ വലിയ മണ്ടത്തരമാണ് രോഹിത് ശര്‍മ കാണിച്ചതെന്ന് രവി ശാസ്‌ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയ്‌ക്ക് അനുകൂലമാകേണ്ടിയിരുന്ന സെഷനില്‍ നിന്നും ദക്ഷിണാഫ്രിക്കയെ രക്ഷപ്പെടുത്തുന്നതായിരുന്നു രോഹിതിന്‍റെ തീരുമാനമെന്നും ശാസ്‌ത്രി വ്യക്തമാക്കി. കമന്‍ററിക്കിടെ ആയിരുന്നു ഇന്ത്യന്‍ മുന്‍പരിശീലകന്‍റെ വിമര്‍ശനം.