മുംബൈ :ഏകദിന ലോകകപ്പ് 2023-ലെ (Cricket World Cup 2023) ഇന്ത്യയുടെ മിന്നും കുതിപ്പ് കലാശപ്പോരില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരായ തോല്‍വിയോടെയാണ് അവസാനിച്ചത്. ഇതോടെ വീണ്ടുമൊരു ഐസിസി ട്രോഫിയ്‌ക്കായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് ഇനിയും നീളുമെന്നുറപ്പായി. 2013-ലെ ചാമ്പ്യന്‍സ് ട്രോഫിയ്‌ക്ക് ശേഷം മറ്റൊരു ഐസിസി കിരീടം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടില്ല.
ഇതിന് ശേഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് തവണയടക്കം മൂന്ന് ഫൈനലുകള്‍ ഇന്ത്യ കളിച്ചിരുന്നു. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ താരങ്ങളുടെ ആയുസ് ഇതിനകം തന്നെ ചര്‍ച്ചയായിരിക്കെ ഇനി അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പാണ് ഇന്ത്യയ്‌ക്ക് മുന്നിലുള്ളത്. 2024 ജൂൺ നാല് മുതല്‍ ജൂൺ 30 വരെ വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പിന്‍റെ ഒൻപതാം പതിപ്പ് അരങ്ങേറുന്നത്.
അതായത് കൃത്യം ഏഴ് മാസത്തിനുള്ളിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇപ്പോഴിതാ ഈ ടൂര്‍ണമെന്‍റിനായുള്ള ഇന്ത്യയുടെ പ്രാഥമിക ടീം തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ പേസറും മലയാളിയുമായ എസ് ശ്രീശാന്ത് (S Sreesanth picks India squad for ICC T20 World Cup 2024). സമീപകാല ഇന്ത്യയ്‌ക്കായി ടി20 പരമ്പരകള്‍ കളിക്കാത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും വിരാട് കോലിയേയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ശ്രീശാന്തിന്‍റെ ടീം തിരഞ്ഞെടുപ്പ്. രോഹിത്തിന്‍റെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിച്ചിരുന്നത്.
"രോഹിത് കളിക്കുമോ ഇല്ലയോ എന്നത് വലിയൊരു ചോദ്യം തന്നെയാണ്. കളിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം തന്നെയായിരിക്കും ക്യാപ്റ്റന്‍. കാരണം അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
സാഹചര്യത്തിന് അനുസരിച്ച് രോഹിത് ശർമ്മയോ അല്ലെങ്കില്‍ ഹാർദിക് പാണ്ഡ്യയോ ആവും ക്യാപ്റ്റനാവുക" - ശ്രീശാന്ത് പറഞ്ഞു. ഏകദിന ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ട ശുഭ്‌മാന്‍ ഗില്‍, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരെ ശ്രീശാന്ത് ഒഴിവാക്കി. യശസ്വി ജയ്‌സ്‌വാളിനെയും റിഷഭ് പന്തിനേയുമാണ് സ്‌ക്വാഡിലേക്ക് ചേര്‍ത്തിരിക്കുന്നത്. ഇവരുള്‍പ്പടെ 12 പേരെയാണ് ശ്രീശാന്ത് നിലവിലെ ടീമില്‍ ചേര്‍ത്തിരിക്കുന്നത്. ബാക്കിയുള്ള സ്ഥാനത്തേക്ക് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെയും ഐപിഎല്ലിലെയും പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ ചില യുവതാരങ്ങളെ ടീമില്‍ ചേര്‍ക്കാനാണ് ശ്രീശാന്തിന്‍റെ പദ്ധതി.