മുംബൈ: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടി20 പരമ്പരയില്‍ ഇന്ത്യയ്‌ക്കായി തകര്‍പ്പന്‍ പ്രകടനമാണ് യുവതാരം റിങ്കു സിങ് നടത്തുന്നത്. എതിരെയുള്ളത് ഏതു വമ്പന്‍ ബോളറാണെങ്കിലും തെല്ലും ഭയപ്പെടാതെയാണ് 26-കാരന്‍ കളിക്കാറുള്ളത്. ഇപ്പോഴിതാ റിങ്കു സിങ്ങിന്‍റെ 'ആക്രമണാത്മകവും നിർഭയവുമായ' കളി ശൈലിയെ പുകഴ്‌ത്തി രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ താരവും മലയാളിയുമായ എസ് ശ്രീശാന്ത്. ക്രിക്കറ്റിലെ മുഹമ്മദ് അലിയാണ് റിങ്കുവെന്നാണ് ശ്രീശാന്തിന്‍റെ വാക്കുകള്‍ (S Sreesanth on Rinku Singh fearless attitude).
"റിങ്കു സിങ്ങിന്‍റെ ആത്മവിശ്വാസം ഞാൻ ഏറെ ഇഷ്‌ടപ്പെടുന്നു. കളിക്കുന്ന എല്ലാ ടീമുകള്‍ക്കായും അവന്‍ സ്ഥിരത പുലര്‍ത്തുന്നു. ക്ലബ് ക്രിക്കറ്റായാലും, അന്താരാഷ്‌ട്ര ക്രിക്കറ്റായാലും, ഫ്രാഞ്ചൈസി ക്രിക്കറ്റായാലും അതില്‍ മാറ്റമൊന്നുമില്ല. അവന്‍ ഒന്നിനേയും കാര്യമാക്കുന്നില്ല. തന്‍റെ ഹൃദയം പറയുന്നതുപോലെയാണ് അവന്‍ കളിക്കുന്നത്. അതുകൊണ്ടാണ് അവന്‍ എനിക്ക് ക്രിക്കറ്റിലെ മുഹമ്മദ് അലി ആവുന്നത്"- ശ്രീശാന്ത് പറഞ്ഞു (S Sreesanth on Rinku Singh).
അതേസമയം റിങ്കുവിനെ പുകഴ്‌ത്തി ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ സൈമണ്‍ കാറ്റിച്ച് രംഗത്ത് എത്തിയിരുന്നു. ഇതിനകം തന്നെ ഇന്ത്യന്‍ ടി20 ടീമിന്‍റെ ഫിനിഷറുടെ സ്ഥാനം സ്വന്തമാക്കാന്‍ റിങ്കുവിന് കഴിഞ്ഞുവെന്നാണ് സൈമണ്‍ കാറ്റിച്ചിന്‍റെ വാക്കുകള്‍. (Simon Katich praises Rinku Singh)
"ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ കഴിഞ്ഞ സീസണില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായും ഇപ്പോൾ ഇന്ത്യക്ക് വേണ്ടിയും റിങ്കു നടത്തുന്നത് ഏറെ മികച്ച പ്രകടനമാണ്. എനിക്ക് തോന്നുന്നത് ഇന്ത്യന്‍ ടി20 ടീമില്‍ ഫിനിഷറുടെ സ്ഥാനം അവന്‍ സ്വന്തമാക്കി കഴിഞ്ഞുവെന്നാണ്.
കൂടുതൽ പരിചയസമ്പന്നരായ കളിക്കാർ തിരിച്ചെത്തുമ്പോൾ പ്ലേയിങ് ഇലവനില്‍ എത്തുന്നതില്‍ അവരില്‍ നിന്നും മത്സരമുണ്ടാകുമെന്നത് തീര്‍ച്ച. എന്നാല്‍ ഇത്തരമൊരു സ്പെഷ്യലിസ്റ്റ് റോളില്‍ എല്ലാ കാര്യങ്ങളും ശരിയായ രീതിയില്‍ തന്നെയാണ് റിങ്കു സിങ് ചെയ്യുന്നത്"- ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടി20 പരമ്പരയിലെ അദ്യ രണ്ട് മത്സരങ്ങള്‍ക്ക് പിന്നാലെയായിരുന്നു സൈമണ്‍ കാറ്റിച്ച് ഇക്കാര്യം പറഞ്ഞത്.