മുംബൈ : ഏഷ്യ കപ്പിനുള്ള (Asia Cup 2023) പ്രധാന സ്‌ക്വാഡില്‍ ഉള്‍പ്പെടാതിരുന്ന മലയാളി താരം സഞ്‌ജു സാംസണിന് (Sanju Samson) ഏകദിന ലോകകപ്പിനുള്ള (ODI World Cup 2023) ഇന്ത്യന്‍ ടീമിലും ഇടം ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെ പ്രഖ്യാപിച്ച ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ടീമില്‍ നിന്നും താരത്തെ തഴഞ്ഞത് വിവിധ കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ആരാധകര്‍ക്കൊപ്പം ഇന്ത്യയുടെ മുന്‍ താരങ്ങളായ ഇര്‍ഫാന്‍ പഠാന്‍, റോബിന്‍ ഉത്തപ്പ തുടങ്ങിയ താരങ്ങള്‍ സഞ്‌ജുവിനെ പരിഗണിക്കാതിരുന്ന സെലക്‌ടര്‍മാര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
എന്നാല്‍ സെലക്‌ടര്‍മാരുടെ തീരുമാനത്തെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസറും മലയാളിയുമായ എസ് ശ്രീശാന്ത് (S Sreesanth). സ്വയം മനസിലാക്കി കളിക്കുന്നതിനൊപ്പം തന്‍റെ ബാറ്റിങ് സമീപനത്തില്‍ മാറ്റം വരുത്താന്‍ സഞ്‌ജു തയ്യാറാവണമെന്നാണ് ശ്രീശാന്ത് പറയുന്നത്. വിദഗ്‌ധരുടേയും മുന്‍ താരങ്ങളുടേയും അഭിപ്രായങ്ങള്‍ മാനിക്കാത്ത താരമാണ് സഞ്‌ജുവെന്നും ശ്രീശാന്ത് കുറ്റപ്പെടുത്തി (S Sreesanth criticizes Sanju Samson).
പറഞ്ഞാല്‍ കേള്‍ക്കണം : "സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം ശരിയാണെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. ഒരു കളിക്കാരനെ സംബന്ധിച്ച് സ്വയം മനസിലാക്കുകയെന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. സുനില്‍ ഗവാസ്‌കര്‍ തൊട്ട് ഹർഷ ഭോഗ്‌ലെ, രവി ശാസ്‌ത്രി തുടങ്ങിയ ഓരോരുത്തരും സഞ്‌ജുവിനെ വാഴ്‌ത്തുന്നുണ്ട്.
അവന്‍റെ കഴിവില്‍ എനിക്ക് യാതൊരു സംശയവുമില്ല. പക്ഷേ, ബാറ്റിങ് സമീപനമാണ് പ്രശ്‌നം. പിച്ചിന്‍റെ സ്വഭാവം അനുസരിച്ച് ബാറ്റ് ചെയ്യാന്‍ ആരെങ്കിലും പറഞ്ഞാല്‍ അവന്‍ അത് കേള്‍ക്കില്ല. തീര്‍ച്ചയായും ആ മനോഭാവം മാറ്റുക തന്നെ വേണം" - ശ്രീശാന്ത് പറഞ്ഞു.
സ്ഥിരത വേണം : താന്‍ സഞ്‌ജുവിനോട് നേരത്തെ തന്നെ ഇക്കാര്യങ്ങള്‍ സംസാരിച്ചിരുന്നുവെന്ന് വ്യക്തമാക്കിയ ശ്രീശാന്ത് സ്ഥിരതയോടെ കളിക്കാന്‍ താരത്തിന് കഴിയുന്നില്ലെന്നും തുറന്നടിച്ചു. "കാണുമ്പോഴെല്ലാം ഒരേ കാര്യമാണ് ഞാന്‍ അവനോട് പറയാറുള്ളത്. ദയവുചെയ്‌ത് പിച്ചിന്‍റെ സ്വഭാവം മനസിലാക്കി കളിക്കുക.