ഡൊമിനിക്ക: സെപ്‌റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളിലായി നടക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. റിതുരാജ് ഗെയ്‌ക്‌വാദ് (Ruturaj Gaikwad) നായകനായ 15 അംഗ ടീമിനെയാണ് ബിസിസി പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായി സ്വന്തം മണ്ണില്‍ ഏകദിന ലോകകപ്പ് നടക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഏഷ്യന്‍ ഗെയിംസിനായി യുവ നിരയെ അയയ്‌ക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.
ഇപ്പോഴിതാ ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ ആദ്യ പ്രതികരണം പുറത്ത് വന്നിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിക്കാനുള്ള അവസരം സവിശേഷമാണ്. ഗെയിംസ് വേദിയില്‍ രാജ്യത്തിനായി സ്വര്‍ണം മെഡല്‍ കഴുത്തിലണിഞ്ഞ് നില്‍ക്കുമ്പോൾ ദേശീയ ഗാനം കേൾക്കുകയാണ് തങ്ങളുടെ സ്വപ്‌നവും ലക്ഷ്യവുമെന്നാണ് റിതുരാജ് പറയുന്നത്.
"ഏഷ്യൻ ഗെയിംസിൽ രാജ്യത്തെ പ്രതിനിധീകരിച്ച് മെഡൽ നേടുന്നതിന്‍റെ ഭാഗമാകുന്നത് ശരിക്കും ആവേശകരമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിക്കാനുള്ള ഈ അവസരം എന്നെ സംബന്ധിച്ച് ഏറെ സവിശേഷമാണ്. രാജ്യത്തെ എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന ക്രിക്കറ്റാവും ഞങ്ങള്‍ കളിക്കുക.
രാജ്യത്തിനായി അത്‌ലറ്റുകള്‍ മെഡല്‍ നേടുന്നത് ടെലിവിഷനില്‍ കണ്ടാണ് നമ്മള്‍ വളര്‍ന്നത്. അതുപോലെ രാജ്യത്തിനായി മെഡല്‍ നേടുന്നതിനുള്ള അവസരമാണ് ഇപ്പോള്‍ ഞങ്ങള്‍ക്കും വന്ന് ചേര്‍ന്നിരിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് ശരിക്കും അഭിമാനകരമായ ഒരു വികാരമാണ്. ഏഷ്യന്‍ ഗെയിംസ് പോലെ ഒരു വലിയ വേദിയില്‍ കളിക്കാനാവുകയെന്നത് വ്യക്തിപരമായി എനിക്കും, എല്ലാ ടീം അംഗങ്ങൾക്കും ഒരു മികച്ച അവസരം തന്നെയാണ്" റിതുരാജ് ഗെയ്‌ക്‌വാദ് പറഞ്ഞു.