റായ്‌പുര്‍:ടി20 ക്രിക്കറ്റിലെ തന്‍റെ പ്രകടനത്തിന്‍റെ ക്രെഡിറ്റ് ഇതിഹാസ താരം എംഎസ് ധോണിയ്‌ക്ക് നല്‍കി ഇന്ത്യയുടെ യുവ ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദ് (Ruturaj Gaikwad on MS Dhoni ). ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി (Chennai Super kings) കളിച്ചാണ് ടി20 ഫോര്‍മാറ്റിനെക്കുറിച്ച് താന്‍ ഏറെ മനസിലാക്കിയത്. അതിന് സഹായിച്ചത് എംഎസ് ധോണിയാണെന്നുമാണ് 26-കാരന്‍റെ വാക്കുകള്‍.
"ഐപിഎല്ലില്‍ ചെന്നൈക്കായി കളിച്ചാണ് ഈ ഫോർമാറ്റിനെക്കുറിച്ച് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചത്. മഹി ഭായ് (എംഎസ് ധോണി) എപ്പോഴും ടീം സ്‌കോറില്‍ ശ്രദ്ധിക്കാനും സാഹചര്യങ്ങള്‍ മനസിലാക്കി കളിക്കാനുമാണ് പറഞ്ഞിട്ടുള്ളത്. ടി20യിൽ, മാനസികമായി എപ്പോഴും നമ്മള്‍ ഗെയിമിന് മുന്നിലായിരിക്കണം.
അതിനാണ് ഞാന്‍ ഇപ്പോള്‍ വളരെയധികം പ്രാധാന്യം നൽകുന്നത്. തലേദിവസം രാത്രി തന്നെ മത്സരത്തിനിടെ എന്ത് സാഹചര്യമാണുണ്ടാവുക. പിച്ച് എങ്ങനെ പെരുമാറാമെന്നും ഞാൻ സങ്കൽപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ ഒരിക്കലും ഒന്നിനും തിരക്ക് കൂട്ടേണ്ടതില്ല. ടി20 മത്സരമായാല്‍ പോലും ഒരു ഓപ്പണർക്ക് ചിന്തിക്കാന്‍ വേണ്ടത്ര സമയമുണ്ട് എന്ന കാര്യം മഹി ഭായിയാണ് എന്നോട് പറഞ്ഞത്"- റുതുരാജ് ഗെയ്‌ക്‌വാദ് പറഞ്ഞു.
ഓസ്‌ട്രേലിയയ്‌ക്ക് എതിരായ നാലാം ടി20യില്‍ (India vs Australia T20I) ഇന്ത്യയുടെ വിജയത്തിന് പിന്നാലെയായിരുന്നു 26-കാരന്‍റെ വാക്കുകള്‍. റായ്‌പുരില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിന് വിജയിച്ചതോടെ ഇന്ത്യയ്ക്ക് പരമ്പര തൂക്കാന്‍ കഴിഞ്ഞിരുന്നു. അഞ്ച് മത്സര പരമ്പരയില്‍ 3-1ന് നിലവില്‍ ഇന്ത്യ മുന്നിലാണ്. ശേഷിക്കുന്ന ഒരു മത്സരം വിജയിക്കാനായാലും പരമ്പരയില്‍ ഇനി ഇന്ത്യയ്‌ക്ക് ഒപ്പമെത്താന്‍ ഓസീസിന് കഴിയില്ല.