അവസാന ഒൻപത് ഇന്നിങ്‌സുകളിൽ നിന്ന് ഒരു ഡബിൾ സെഞ്ച്വറിയും ആറ് സെഞ്ച്വറിയും. ലിസ്റ്റ് എ ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ഒരു ഓവറിൽ ഏഴ് സിക്‌സുകളും ഏറ്റവുമധികം റണ്‍സും നേടുന്ന ആദ്യ താരം. മറ്റൊരു താരത്തിനും എത്തിപ്പിടിക്കാൻ സാധിക്കാത്ത പ്രകടനങ്ങളുമായി ആഭ്യന്തരക്രിക്കറ്റിലെ റണ്‍മെഷീനായി മാറുകയാണ് ഇന്ത്യൻ യുവതാരം റിതുരാജ് ഗെയ്‌ക്‌വാദ്.
വിജയ് ഹസാരെ ട്രോഫി ഫൈനലിൽ സൗരാഷ്‌ട്രക്കെതിരായ തകർപ്പൻ സെഞ്ച്വറിയോടെ ടൂർണമെന്‍റിൽ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരം എന്ന റെക്കോഡും റിതുരാജ് സ്വന്തമാക്കി. 12 സെഞ്ച്വറികളാണ് താരം ഇതുവരെ വിജയ് ഹസാരെ ട്രോഫിയിൽ അടിച്ചുകൂട്ടിയത്. 11 സെഞ്ച്വറികളെന്ന റോബിൻ ഉത്തപ്പയുടെ റെക്കോഡാണ് 25കാരനായ റിതുരാജ് ഇതോടെ മറികടന്നത്.
ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫി ടൂർണമെന്‍റിൽ അഞ്ച് ഇന്നിങ്‌സുകളിൽ നിന്നായി ഒരു ഡബിൾ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും ഉൾപ്പെടെ 660 റണ്‍സാണ് റിതുരാജ് അടിച്ചുകൂട്ടിയത്. ഇതിൽ മൂന്ന് സെഞ്ച്വറി തുടർച്ചയായ മത്സരങ്ങളിലായിരുന്നു. ക്വാർട്ടർ ഫൈനലിൽ ഉത്തർപ്രദേശിനെതിരെ 220 റണ്‍സും, സെമി ഫൈനലിൽ അസമിനെതിരെ 168 റണ്‍സും ഫൈനലിൽ സൗരാഷ്‌ട്രക്കെതിരെ 108 റണ്‍സുമാണ് താരം സ്വന്തമാക്കിയത്.
ആരെയും അതിശയിപ്പിക്കുന്നതാണ് റിതുരാജിന്‍റെ സമീപകാലത്തെ ബാറ്റിങ് കണക്കുകൾ. ലിസ്റ്റ് എ ക്രിക്കറ്റിൽ 71 ഇന്നിങ്‌സുകളിൽ നിന്ന് 15 സെഞ്ച്വറിയും 16 അർധ സെഞ്ച്വറിയുമുൾപ്പെടെ 4028 റണ്‍സാണ് താരം ഇതുവരെ നേടിയിട്ടുള്ളത്. 61.97 ആണ് താരത്തിന്‍റെ ബാറ്റിങ് ശരാശരി. ഐപിഎല്ലിലും ചെന്നൈ സൂപ്പർ കിങ്‌സിന്‍റെ വിശ്വസ്‌ത ബാറ്ററാണ് റിതുരാജ്.
ചെന്നൈക്കായുള്ള മിന്നും പ്രകടനം കണക്കിലെടുത്ത് റിതുരാജിന് ഇന്ത്യൻ സീനിയർ ടീമിലേക്കും വിളിയെത്തിയിരുന്നു. എന്നാൽ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും പുറത്തെടുക്കുന്ന പ്രകടനത്തിന്‍റെ നിഴലാവാൻ പോലും ഇന്ത്യൻ ടീമിൽ റിതുരാജിന് സാധിച്ചില്ല. അതിനാൽ തന്നെ പിന്നീട് ടീമിലേക്ക് വിളിയെത്തിയതുമില്ല.
ALSO READ:സെഞ്ച്വറി കഴിഞ്ഞപ്പോൾ ഒരോവറില്‍ ഏഴ് സിക്‌സ്; റിതുരാജിന്‍റെ വിളയാട്ടം കാണാം- വീഡിയോ
ഈ പ്രകടനങ്ങളോടെ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ ഭാവി താരമായി റിതുരാജ് മാറിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോഴത്തെ ഗംഭീര പ്രകടനം താരത്തെ വീണ്ടും ഇന്ത്യൻ ടീമിലേക്ക് എത്തിക്കുമെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു. ഇനി നീലക്കുപ്പായത്തിൽ താരത്തിന് കൂടുതൽ അവസങ്ങൾ നൽകുകയാണ് വേണ്ടത്. അതിന് ഇന്ത്യൻ ടീം മാനേജ്‌മെന്‍റ് തയ്യാറാകുമോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യചിഹ്‌നം.