തന്‍റെ റെക്കോഡുകൾ ഭേദിക്കാൻ എത് താരത്തിന് കഴിയും എന്ന ചോദ്യത്തിന് സാക്ഷാൽ സച്ചിൻ ടെൻഡുല്‍ക്കർക്ക് ഒറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളു, 'വിരാട് കോലി'. ഇന്ത്യൻ ക്രിക്കറ്റിലെ കിങ് എന്നറിയപ്പെടുന്ന ലോകം കണ്ട ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ വിരാട് കോലിക്ക് ഇന്ന് 33-ാം ജന്മദിനം.
ടി20 ലോകകപ്പിനിടെയാണ് കോലി ഇത്തവണത്തെ ജന്മദിനം ആഘോഷിക്കുന്നത്. അതിനാൽ തന്നെ ഇന്നത്തെ മത്സരത്തിൽ മികച്ച പ്രകടനം നടത്തി പിറന്നാൾ സമ്മാനം നൽകുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
2008ലെ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ കിരീടത്തിലേക്കെത്തിച്ചതോടെയാണ് കോലി എന്ന ഇതിഹാസത്തെ ലോകം ശ്രദ്ധിച്ച് തുടങ്ങിയത്. 2008 ൽ ശ്രീലങ്കക്കെതിരെയായിരുന്നു ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള താരത്തിന്‍റെ അരങ്ങേറ്റം. ആദ്യ മത്സരത്തിൽ 12 റണ്‍സ് നേടാനേ താരത്തിനായുള്ളു. പിന്നീടങ്ങോട്ട് താരത്തിന്‍റെ തേരോട്ടത്തിനായിരുന്നു ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.
റെക്കോഡുകളുടെ കിങ്
റെക്കോഡുകളുടെ തോഴനാണ് റണ്‍മെഷീൻ എന്നറിയപ്പെടുന്ന കോലി. അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ റണ്‍സുള്ള താരം. 92 മത്സരത്തില്‍ നിന്ന് 52.02 ശരാശരിയില്‍ 3225 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. 29 അര്‍ധ സെഞ്ച്വറികളും കുട്ടിക്രിക്കറ്റ് ഫോര്‍മാറ്റില്‍ കോലിയുടെ പേരിലുണ്ട്. വേഗത്തില്‍ 1000, 4000, 5000, 6000, 7000, 8000, 9000, 10000 ഏകദിന റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമാണ് കോലി.
ഏകദിനത്തില്‍ വേഗത്തില്‍ 10000 റണ്‍സെന്ന റെക്കോഡ് കോലിയുടെ പേരിലാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെൻഡുൽക്കറിന്‍റെ റെക്കോഡ് തകര്‍ത്താണ് കോലി ഈ നേട്ടത്തിലെത്തിയത്. 205 ഇന്നിങ്‌സില്‍ നിന്നാണ് കോലി ഈ റെക്കോഡിലെത്തിയത്. സച്ചിന്‍ 259 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ഏകദിനത്തിൽ തുടർച്ചയായി മൂന്ന് സെഞ്ചുറി നേടുന്ന ആദ്യത്തെ ഇന്ത്യൻ താരം എന്ന റെക്കോഡും കോലിയുടെ പേരിലാണ്. അരങ്ങേറ്റ ഏകദിന ലോകകപ്പിൽ തന്നെ സെഞ്ചുറി നേടിയ ഏക ഇന്ത്യൻ താരവും കോലി തന്നെയാണ്. സച്ചിന്റെ 49 ഏകദിന സെഞ്ച്വറിയെന്ന റെക്കോഡ് നിലവിൽ തകര്‍ക്കാൻ കഴിവുള്ള ഏക താരവും കോലി തന്നെയാണ്. 43 ഏകദിന സെഞ്ച്വറിയാണ് താരത്തിന്‍റെ പേരിലുള്ളത്.
23-ാം വയസിൽ ഐസിസിയുടെ ഏകദിന ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം സ്വന്തമാക്കാനും കോലിക്കായി. 2013 ൽ ഏകദിനത്തിൽ ഒന്നാം നമ്പർ ബാറ്ററായി എത്തിയ താരം പിന്നീട് പല തവണ ഈ നേട്ടം ആവർത്തിച്ചു. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക ബാറ്ററും വിരാട് കോലി തന്നെ.
ക്യാപ്‌റ്റനായും തിളങ്ങി