വെല്ലിങ്‌ടണ്‍ : കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിന്‍റെ ഹീറോയായ താരമാണ് ബെന്‍ സ്‌റ്റോക്‌സ്. ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിക്കുന്നതില്‍ നിര്‍ണായക പങ്കാണ് താരം വഹിച്ചത്. മത്സരത്തില്‍ പുറത്താവാതെ 84 റണ്‍സടിച്ച സ്റ്റോക്‌സ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ന്യൂസിലാന്‍ഡില്‍ ജനിച്ച സ്റ്റോക്‌സ് തന്‍റെ 12ാം വയസിലാണ് കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്ക് കുടിയേറിയത്. എന്നാല്‍ സ്‌റ്റോക്‌സിനെ ന്യൂസിലാന്‍ഡ് ടീമിലേക്ക് കൊണ്ടുവരാന്‍ താന്‍ ശ്രമം നടത്തിയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ താരം റോസ് ടെയ്‌ലര്‍. കിവീസ് ടീമിന്‍റെ ഭാഗമാവാന്‍ സ്‌റ്റോക്‌സിന് താല്‍പര്യമുണ്ടായിരുന്നുവെന്നും ടെയ്‌ലര്‍ പറഞ്ഞു.
'റോസ് ടെയ്‌ലര്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ്' എന്ന ആത്മകഥയിലാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. '2010ല്‍ ഞാന്‍ ഡര്‍ഹാമിന് വേണ്ടി കളിക്കുകയായിരുന്നു. അന്ന് അവന് 18-19 വയസുണ്ടാവും. ന്യൂസിലാൻഡിൽ വന്ന് കളിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഞാൻ അവനോട് ചോദിച്ചു.
അവന് താൽപ്പര്യമുണ്ടായിരുന്നു, അതിനാൽ ഞാൻ ന്യൂസിലാൻഡ് ക്രിക്കറ്റ് സിഇഒ ജസ്റ്റിൻ വോഗന് ഒരു സന്ദേശം അയച്ചു. സ്റ്റോക്‌സ് മികച്ച ഒരു യുവ ക്രിക്കറ്ററാണെന്നും, ന്യൂസിലാൻഡിനായി കളിക്കാൻ താൽപ്പര്യമുള്ളയാളുമാണെന്നായിരുന്നു അത്. എന്നാൽ വോഗന്‍റെ പ്രതികരണം അത്ര പ്രതീക്ഷ നൽകുന്നതായിരുന്നില്ല.
ന്യൂസിലാന്‍ഡില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാനാണ് വോഗന്‍ ആവശ്യപ്പെട്ടത്. ന്യൂസിലാൻഡിനായി കളിക്കുന്നതിനെക്കുറിച്ച് ബെൻ ആത്മാർഥത പുലർത്തിയിരുന്നു. അധികൃതര്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുകയും നിര്‍ണായകമായ പല ഉറപ്പുകളും അവന് നല്‍കേണ്ടതുമായിരുന്നു. എന്നാല്‍ അത്തരത്തിലൊന്ന് ഉണ്ടായില്ല. ദേശീയ ടീമിന് പകരം ആഭ്യന്തര ക്രിക്കറ്റിന്‍റെ ഭാഗമാവാന്‍ സ്റ്റോക്‌സിന് താല്‍പര്യമുണ്ടാവില്ലെന്ന് ഞാന്‍ അന്ന് തന്നെ പറഞ്ഞിരുന്നു' - ടെയ്‌ലര്‍ എഴുതി.
also read:ഡക്കിനെ കഴിച്ചാല്‍ പിറ്റേന്ന് ഡക്ക്, അന്ധവിശ്വാസത്തിന്‍റെ കഥ പറഞ്ഞ് റോസ് ടെയ്‌ലർ
റഗ്ബി താരമായിരുന്ന സ്റ്റോക്‌സിന്‍റെ പിതാവ് ജെറാർഡ് സ്റ്റോക്സ്, കംബ്രിയയില്‍ ഒരു പ്രൊഫഷണൽ ലീഗില്‍ പരിശീലകനായി ജോലി ലഭിച്ചതോടെയാണ് ഇംഗ്ലണ്ടിലേക്ക് ചേക്കേറിയത്. 2011-ൽ തന്‍റെ 20ാം വയസിലാണ് സ്റ്റോക്സ് ഇംഗ്ലണ്ടിനായി അരങ്ങേറിയത്. തുടര്‍ന്ന് 2013-ൽ ഓസ്ട്രേലിയയിൽ നടന്ന ആഷസ് പരമ്പരയിൽ തന്‍റെ ആദ്യ ടെസ്റ്റും കളിച്ചു.