മുംബൈ: വരാനിരിക്കുന്ന ട്വന്‍റി 20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടി20 ടീമിനെ രോഹിത് ശര്‍മ നയിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി. നിരവധി തവണ മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലേക്ക് നയിച്ചിട്ടുള്ളയാളാണ് രോഹിത്തെന്നും അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടി20 ടീമിന്‍റെ നായകസ്ഥാനം രോഹിത് ഏറ്റെടുക്കുമെന്നാണ് കരുതുന്നതെന്നും കാംബ്ലി പറഞ്ഞു.
'ക്യാപ്‌റ്റന്‍ സ്ഥാനത്ത് നിന്ന് വിരാട് ഒഴിയുകയാണ്. രോഹിതിന് അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. സമ്മര്‍ദമൊന്നുമില്ലാത്തതിനാല്‍ അദ്ദേഹത്തിന്‍റെ മുഴുവന്‍ കഴിവും ഉപയോഗിച്ച് ഇന്ത്യയ്ക്ക് വേണ്ടി കളിയ്ക്കും. സമ്മര്‍ദമില്ലാതെ സ്വതന്ത്ര്യമായി വിരാട് കളിയ്‌ക്കണമെന്നാണ് ആഗ്രഹം,' കാംബ്ലി പറഞ്ഞു.
അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് ഈ വര്‍ഷം ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ലോകകപ്പിന് ശേഷം ടി20 നായകസ്ഥാനം ഒഴിയുമെന്ന് വിരാട് കോലി പ്രഖ്യാപിച്ചത്. മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയുമായും രോഹിത് ശർമ്മയുമായും കൂടിയാലോചിച്ചതിന് ശേഷമാണ് തീരുമാനത്തിലേക്ക് എത്തിച്ചേർന്നതെന്ന് കോലി വ്യക്തമാക്കിയിരുന്നു.