ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരെ കളിക്കുമ്പോള്‍ രോഹിത് ശര്‍മയേയും വിരാട് കോലിയേയും കഴിയുന്നത്ര വേഗത്തില്‍ പുറത്താക്കാനാണ് ലോകത്തെ ഏത് ടീമും ശ്രമിക്കുകയെന്ന് അഫ്‌ഗാനിസ്ഥാൻ മുന്‍ ക്യാപ്‌റ്റന്‍ അസ്‌ഗർ അഫ്‌ഗാൻ. ഇരുവരും പുറത്തായാല്‍ തന്നെ ഇന്ത്യയുടെ പാതി കഥ കഴിയുമെന്നും അസ്‌ഗർ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടാണ് അഫ്‌ഗാന്‍ മുന്‍ നായകന്‍റെ പ്രതികരണം.
"ഇന്ത്യയ്‌ക്കെതിരെ കളിക്കുമ്പോഴെല്ലാം ഞങ്ങളുടെ പ്ലാൻ രോഹിത് ശർമയെയും വിരാട് കോലിയെയും ചുറ്റിപ്പറ്റിയായിരുന്നു. 'അവരെ പുറത്താക്കൂ, ഇന്ത്യൻ ടീമിന്‍റെ പകുതി കഥ തീര്‍ന്നു' എന്ന് ഞങ്ങൾ പറയാറുണ്ടായിരുന്നു. ഇരുവര്‍ക്കുമെതിരെ ലോകത്തെ ഏത് ടീമും ഇത് തന്നെയാണ് പ്ലാന്‍ ചെയ്യുക.
അവർക്ക് ഒറ്റയ്‌ക്ക് മത്സരങ്ങൾ ജയിപ്പിക്കാന്‍ കഴിയും. ആദ്യം അവരെ ആക്രമിക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ. കാരണം തുടക്കത്തിലേ ഇരുവരേയും പുറത്താക്കാന്‍ സാധിച്ചില്ലെങ്കിൽ പിന്നീടത് പ്രയാസകരമാവും. പ്രത്യേകിച്ച് വിരാട് കോലിയെ, സെറ്റായാല്‍ പിന്നെ പുറത്താക്കാന്‍ വളരെ പ്രയാസമുള്ള താരമാണ് അദ്ദേഹം.