മുംബൈ : ടി20 ക്രിക്കറ്റില്‍ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. ഫോര്‍മാറ്റില്‍ 10,000 റൺസ് ക്ലബ്ബിലാണ് രോഹിത് ഇടം പിടിച്ചത്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലാണ് രോഹിത്തിന്‍റെ നേട്ടം.
തന്‍റെ 375-ാം മത്സരത്തിൽ (362-ാം ഇന്നിങ്‌സ്) കാഗിസോ റബാഡയെ സിക്‌സിന് പറത്തിയാണ് താരം നിര്‍ണായക നേട്ടം ആഘോഷിച്ചത്. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ബാക്ക്‌വേർഡ് സ്‌ക്വയർ ലെഗിൽ വൈഭവ് അറോറ പിടിച്ച് താരം പുറത്തായി.
മത്സരത്തിന് മുന്നേ 25 റണ്‍സ് മാത്രമായിരുന്നു എലൈറ്റ് ക്ലബ്ബില്‍ ഇടം പിടിക്കാന്‍ രോഹിത്തിന് വേണ്ടിയിരുന്നത്. പുറത്താവുമ്പോള്‍ 17 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 28 റണ്‍സാണ് താരത്തിന്‍റെ അക്കൗണ്ടിലുണ്ടായിരുന്നത്.
ഇതോടെ വിരാട് കോലിക്ക് ശേഷം എലൈറ്റ് പട്ടികയില്‍ ഉള്‍പ്പെടുന്ന ആദ്യ ഇന്ത്യൻ താരമാകാനും രോഹിത്തിനായി. നേരത്തെ കോലിയടക്കം ആറ് താരങ്ങള്‍ ഈ എലൈറ്റ് പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ക്രിസ് ഗെയ്‌ല്‍, ഷൊയ്‌ബ് മാലിക്, കീറോണ്‍ പൊള്ളാര്‍ഡ്, ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് യഥാക്രമം പട്ടികയിലുള്ളത്.
അതേസമയം ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡ് രോഹിത്തിന് സ്വന്തമാണ്. 427 സിക്‌സുകളാണ് താരം പറത്തിയിട്ടുള്ളത്.
also read: Video | കളിക്കാരന് നോമ്പ് തുറക്കാൻ മത്സരം നിർത്തി റഫറി ; കയ്യടിച്ച് സോഷ്യല്‍ മീഡിയ
ഒരു സെഞ്ചുറിയും 40 അർധസെഞ്ചുറികളും ഉൾപ്പെടെ 5700-ലധികം റൺസുമായി ഐപിഎൽ റൺ വേട്ടക്കാരുടെ എക്കാലത്തെയും പട്ടികയില്‍ മൂന്നാമതെത്താനും 34കാരനായ രോഹിത്തിന് കഴിഞ്ഞിട്ടുണ്ട്. ഐപിഎല്ലില്‍ 500 ഫോറുകളെന്ന നേട്ടവും ഈ മത്സരത്തില്‍ രോഹിത് സ്വന്തമാക്കി.