ഇൻഡോര്‍: അഫ്‌ഗാനിസ്ഥാനെതിരായ രണ്ടാം ടി20യ്‌ക്കായി ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ ക്രിക്കറ്റ് ലോകത്തിന്‍റെ പ്രധാന ശ്രദ്ധാകേന്ദ്രമാണ് രോഹിത് ശര്‍മ (Rohit Sharma). 14 മാസത്തെ ഇടവേള കഴിഞ്ഞ് അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ നായകന് കഴിഞ്ഞ മത്സരത്തില്‍ അക്കൗണ്ട് പോലും തുറക്കാനായിരുന്നില്ല. മൊഹാലിയില്‍ നേരിട്ട രണ്ടാം പന്തില്‍ വിക്കറ്റിന് ഇടയിലൂടെയുള്ള ഓട്ടത്തിലെ ആശയക്കുഴപ്പത്തിനിടെ താരം റണ്‍ഔട്ട് ആയി മടങ്ങുകയായിരുന്നു.
ഇതിന്‍റെ ക്ഷീണം മാറ്റാനുറച്ചായിരിക്കും രോഹിത് ശര്‍മ ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്. ലോകകപ്പ് വരാനിരിക്കെ ഇന്ത്യന്‍ നായകന്‍ ഇന്നത്തേത് ഉള്‍പ്പടെ ശേഷിക്കുന്ന മത്സരങ്ങളിലൂടെ ടി20യില്‍ താളം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. റണ്‍സ് ഒഴുകുമെന്ന് കരുതുന്ന ഇന്‍ഡോറില്‍ ഹിറ്റ്‌മാന്‍റെ ബാറ്റിങ്ങ് വെടിക്കെട്ട് തന്നെയാണ് ആരാധകരും കാത്തിരിക്കുന്നത്.
ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ തകര്‍പ്പന്‍ റെക്കോഡാണ് രോഹിത് ശര്‍മയുടെ പേരിലുള്ളത് (Rohit Sharma T20I Stats In Indore). അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റില്‍ തന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 118 റണ്‍സ് രോഹിത് ശര്‍മ അടിച്ചെടുത്തത് ഇതേ ഗ്രൗണ്ടില്‍ വച്ചാണ്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരെ ആയിരുന്നു രോഹിതിന്‍റെ ആ ബാറ്റിങ് വെടിക്കെട്ട്.