ന്യൂഡല്‍ഹി : ഏകദിന ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ (Most ODI World Cup Centuries). ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തില്‍ നേടിയ വെടിക്കെട്ട് സെഞ്ച്വറിയോടെയാണ് രോഹിത് ഈ റെക്കോഡ് തന്‍റെ പേരിലാക്കിയത്. ഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഫ്‌ഗാന്‍ ഉയര്‍ത്തിയ 273 റണ്‍സ് പിന്തുടരുന്നതിനിടെ 131 റണ്‍സായിരുന്നു രോഹിത് ശര്‍മയുടെ ബാറ്റില്‍ നിന്നും പിറന്നത്.
മൂന്നാമത്തെ മാത്രം ഏകദിന ലോകകപ്പ് കളിക്കുന്ന രോഹിത് ശര്‍മയുടെ ഏഴാമത്തെ സെഞ്ച്വറിയാണ് ഇത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ പേരിലായിരുന്നു നേരത്തെ ഈ റെക്കോഡ് ഉണ്ടായിരുന്നത്. 1992-2011 കാലയളവില്‍ ആറ് ലോകകപ്പില്‍ നിന്നായി ആറ് സെഞ്ച്വറികളായിരുന്നു സച്ചിന്‍ നേടിയിരുന്നത്.
45 മത്സരങ്ങളിലെ 44 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു സച്ചിന്‍റെ നേട്ടം. എന്നാല്‍, ലോകകപ്പ് കരിയറിലെ 19-ാം മത്സരത്തിലാണ് രോഹിത് ശര്‍മ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് തകര്‍ത്തത്. രോഹിതിന്‍റെ ഏഴ് ലോകകപ്പ് സെഞ്ച്വറികളില്‍ അഞ്ചും പിറന്നത് 2019ലായിരുന്നു. 2015ല്‍ ബംഗ്ലാദേശിനെതിരെയാണ് രോഹിത് ആദ്യ ലോകകപ്പ് സെഞ്ച്വറി നേടുന്നത് (Rohit Sharma Centuries In ODI World Cup).