ദുബായ് : ഏഷ്യ കപ്പ് ക്രിക്കറ്റില്‍ പുതിയ റെക്കോഡിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ടൂര്‍ണമെന്‍റില്‍ 1000 റണ്‍സ് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററെന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടന്നാണ് രോഹിത്തിന്‍റെ നേട്ടം.
ചൊവ്വാഴ്‌ച ശ്രീലങ്കയ്‌ക്കെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിലാണ് രോഹിത് നിര്‍ണായക നാഴികക്കല്ല് പിന്നിട്ടത്. മത്സരത്തില്‍ 41 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും സഹിതം 72 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഇതോടെ നിലവില്‍ 31 മത്സരങ്ങളില്‍ 1016 റണ്‍സാണ് രോഹിത്തിന്‍റെ അക്കൗണ്ടിലുള്ളത്.
ടൂര്‍ണമെന്‍റില്‍ ആയിരം റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ മാത്രം ബാറ്ററാണ് രോഹിത്. ശ്രീലങ്കയുടെ സനത് ജയസൂര്യ (25 മത്സരങ്ങളില്‍ 1220 റണ്‍സ്), കുമാര്‍ സംഗക്കാര (24 മത്സരങ്ങളില്‍ 1075 റണ്‍സ്) എന്നിവരാണ് രോഹിത്തിന് മുന്നിലുള്ളത്.
23 മത്സരങ്ങളില്‍ 971 റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഇപ്പോള്‍ നാലാമതാണ്. 20 മത്സരങ്ങളില്‍ 923 റണ്‍സ് നേടിയ വിരാട് കോലിയാണ് അഞ്ചാമതുള്ളത്. 49 റണ്‍സ് നേടിയാല്‍ കോലിക്ക് സച്ചിനെ മറികടക്കാം.
അതേസമയം മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് തോല്‍വി വഴങ്ങിയിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്‌ടത്തിലാണ് ലങ്ക മറികടന്നത്. തുടക്കം തന്നെ രാഹുലിനേയും കോലിയേയും നഷ്‌ടമായ ഇന്ത്യയെ 173 റണ്‍സിലേക്ക് നയിച്ചത് സൂര്യകുമാറിനൊപ്പം ചേര്‍ന്ന് രോഹിത് നടത്തിയ മിന്നും പ്രകടനമാണ്.
also read:ഏഷ്യ കപ്പ് : ശ്രീലങ്കയോട് ആറ് വിക്കറ്റിന്‍റെ തോല്‍വി ; ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ക്ക് വമ്പന്‍ തിരിച്ചടി
ലക്ഷ്യം പ്രതിരോധിക്കാന്‍ ബോളര്‍മാര്‍ക്ക് കഴിയാതിരുന്നതാണ് ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്. ഓപ്പണര്‍മാരായ പഥും നിസ്സാങ്ക, കുശാല്‍ മെന്‍ഡിസ് എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനം ലങ്കയ്‌ക്ക് നിര്‍ണായകമായി.