കേപ്‌ടൗണ്‍ : ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ വമ്പന്‍ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത് (India vs South Africa). ബോക്‌സിങ് ഡേയില്‍ സെഞ്ചൂറിയനില്‍ ആരംഭിച്ച മത്സരത്തില്‍ ഇന്നിങ്‌സിനും 32 റണ്‍സിനുമായിരുന്നു സന്ദര്‍ശകരുടെ പരാജയം. തൊട്ടുപിന്നാലെ തന്നെ ഇന്ത്യ ഫസ്റ്റ് ക്ലാസ് പരിശീലന മത്സരം കളിക്കാത്തതില്‍ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ (Sunil Gavaskar) അടക്കമുള്ളവരായിരുന്നു ടീം മാനേജ്‌മെന്‍റിനെതിരെ പരസ്യമായി രംഗത്ത് എത്തിയത്. ഇപ്പോഴിതാ ഇതിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. പരിശീലനം നടത്തുന്ന പിച്ചുകളും മാച്ച് പിച്ചുകളും തമ്മിലുള്ള വ്യത്യാസമാണ് ഇതിന് കാരണമെന്നാണ് രോഹിത് പറയുന്നത് (Rohit Sharma on Why India Does not Play First Class Practice Matches).
"കഴിഞ്ഞ നാലോ അഞ്ചോ വർഷമായി ഞങ്ങൾ പരിശീലന മത്സരങ്ങൾ കളിക്കുന്നുണ്ട്. ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ പരിശീലന മത്സരങ്ങളിൽ ലഭിക്കുന്ന വിക്കറ്റാവില്ല യഥാർഥ മത്സരത്തിന് ലഭിക്കുന്നത്. അതിനാല്‍ തന്നെ നമ്മുടെ ആവശ്യത്തിന് അനുസരിച്ച് പരിശീലനം നടത്തുന്നതാണ് നല്ലത്.
അവസാന തവണ ഓസ്ട്രേലിയയിൽ പോയപ്പോഴും 2018-ൽ ദക്ഷിണാഫ്രിക്കയിൽ തന്നെ എത്തിയപ്പോഴും പരിശീലന മത്സരം നടന്നത് പന്ത് മുട്ടിന് മുകളിൽ ഉയരാത്ത പിച്ചുകളിലായിരുന്നു. എന്നാല്‍ യഥാർഥ മത്സരത്തിലേക്ക് എത്തിയപ്പോള്‍ പന്ത് തലയ്‌ക്ക് മുകളിലൂടെ പറക്കുന്ന പിച്ചാണ് ലഭിച്ചത്. ഇക്കാര്യങ്ങളെല്ലാം തന്നെ പരിഗണിച്ചുകൊണ്ടാണ് സ്വന്തം നിലയ്‌ക്ക് പരിശീലനം നടത്താന്‍ ഞങ്ങള്‍ തീരുമാനം എടുത്തത്" -രോഹിത് ശര്‍മ പറഞ്ഞു.
ALSO READ: നിരന്തരം കുത്തിവയ്‌പ്പ് വേണ്ടി വന്നു; ലോകകപ്പിനിടെ ഷമി സഹിച്ചത് കടുത്ത വേദന