ഇന്‍ഡോര്‍ : ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് 386 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 385 റണ്‍സെടുത്തു. സെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍ എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. അര്‍ധ സെഞ്ചുറിയുമായി ഹാര്‍ദിക് പാണ്ഡ്യയും തിളങ്ങി.
ഗംഭീര തുടക്കമാണ് ഇന്ത്യയ്‌ക്ക് ഓപ്പണര്‍മാരായ രോഹിത്തും ഗില്ലും നല്‍കിയത്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഇരുവരും ചേര്‍ന്ന് 13ാം ഓവറില്‍ ഇന്ത്യ 100 കടത്തി. ഗില്ലായിരുന്നു കൂടുതല്‍ ആക്രമണകാരി.
12ാം ഓവറില്‍ താരം അര്‍ധ സെഞ്ചുറി പിന്നിട്ടിരുന്നു. തുടര്‍ന്ന് 14ാം ഓവറില്‍ രോഹിത്തും അര്‍ധ സെഞ്ചുറി കടന്നു. ഇതിന് പിന്നാലെ ടോപ് ഗിയറിലായ ഇരുവരും അനായാസം റണ്‍സ് കണ്ടെത്തിയതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. ടീം സ്‌കോര്‍ 18ാം ഓവറില്‍ 150ഉം 25ാം ഓവര്‍ പിന്നിടും മുമ്പ് 200 കടന്നു.
27ാം ഓവറിലെ ആദ്യ പന്തില്‍ രോഹിത്തിനെ പുറത്താക്കി മൈക്കൽ ബ്രേസ്‌വെല്ലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 85 പന്തില്‍ ഒമ്പത് ഫോറും ആറ് സിക്‌സും സഹിതം 101 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്. രോഹിത്തിന്‍റെ കരിയറിലെ 30ാം ഏകദിന സെഞ്ചുറിയാണ്.
ഒന്നാം വിക്കറ്റില്‍ ഗില്ലിനൊപ്പം 212 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഉയര്‍ത്തിയത്. തൊട്ടടുത്ത ഓവറിലെ അവസാന പന്തില്‍ ഗില്ലും തിരിച്ചുകയറി. ബ്ലെയർ ടിക്‌നറെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തിനിടെ കോണ്‍വേയാണ് താരത്തെ പിടികൂടിയത്. 78 പന്തില്‍ 13 ഫോറും അഞ്ച് സിക്‌സും സഹിതം 112 റണ്‍സെടുത്തായിരുന്നു ഗില്ലിന്‍റെ മടക്കം.